ശബരിമല: നിലക്കൽ-പമ്പ കെ.എസ്.ആർ.ടി.സി ചെയിൻ സർവിസിൽ യാത്ര ചെയ്യുന്ന തീർഥാടകരെ പാതിവഴിയിൽ ഇറക്കിവിടുന്നതായും പൊലീസ് തീർഥാടകരോട് മോശമായി പെരുമാറുന്നതായും പരാതി.
ചൊവ്വാഴ്ച രാവിലെ ഭക്തരോടാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും മോശമായി പെരുമാറിയത്. യാത്രക്കാരനായ കണ്ണൂർ സ്വദേശി ഗണേശന് പൊലീസുകാരുടെ ബൂട്ടിന്റെ ചവിട്ടേറ്റ് കാലിൽനിന്ന് ചോര പൊടിഞ്ഞു.
പമ്പ-നിലക്കൽ ചെയിൻ സർവിസിൽ യാത്ര ചെയ്യുന്ന തീർഥാടകരെ അതത് ബസ് സ്റ്റാൻഡുകളിലല്ലാതെ യാത്രാ മധ്യേ ഇറക്കിവിടരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഇത് അവഗണിച്ചാണ് തീർഥാടകരെ നിലക്കൽ സ്റ്റാൻഡിന് അരക്കിലോമീറ്റർ ദൂരത്തിൽ ഇറക്കിവിടുന്നത്. ഇതുമൂലം തീർഥാടനം കഴിഞ്ഞ് ക്ഷീണിതരായെത്തുന്ന ഭക്തർ വീണ്ടും ദീർഘദൂരം നടക്കേണ്ടി വരുന്നത് കൂടുതൽ അവശരാക്കുന്നുണ്ട്.
ഏതാനും ദിവസം മുമ്പ് തീർഥാടകരെ നിലക്കൽ ബസ് സ്റ്റാൻഡിലെത്തിക്കാതെ മഴയത്ത് ഇറക്കിവിട്ടതും വിവാദമായിരുന്നു. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ചില വ്യാപാരികളുടെ നിർദേശങ്ങൾക്കു വഴങ്ങിയാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.