തിരുവനന്തപുരം: മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിൽ ഫ്ലോട്ടിങ് സംവരണ രീതി തുടരുന്നതിൽ പ്രത്യേക സമിതി പഠനം നടത്തും. ഫ്ലോട്ടിങ് സംവരണ രീതി അട്ടിമറിക്കാനുള്ള നീക്കം സംബന്ധിച്ച ‘മാധ്യമം’ വാർത്തകളെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
സംവരണ രീതി മാറ്റാനുള്ള തീരുമാനത്തിൽ സർക്കാർ ഉത്തരവ് ലഭിക്കാത്തതിനെ തുടർന്ന്, ഫ്ലോട്ടിങ് സംവരണം നിലനിർത്തിയാണ് മെഡിക്കൽ, എൻജിനീയറിങ് പ്രവേശന നടപടികൾക്കുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചത്.
ഫ്ലോട്ടിങ് സംവരണം നിർത്താനുള്ള നിർദേശമടങ്ങിയ ഫയൽ സർക്കാറിന്റെ മുന്നിലാണ്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശിപാർശയടങ്ങിയ ഫയലിൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയും അനുകൂല നിലപാടാണ് രേഖപ്പെടുത്തിയത്. സംവരണ രീതിയിൽ മാറ്റം വേണമെങ്കിൽ സർക്കാർ ഉത്തരവ് ആവശ്യമാണെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തിന് മറുപടിയായി പ്രവേശന പരീക്ഷ കമീഷണറേറ്റ് സർക്കാറിനെ അറിയിച്ചിരുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് 1998 ഒക്ടോബർ ഏഴിന് ഇറക്കിയ ഉത്തരവിലൂടെയാണ് ഫ്ലോട്ടിങ് സംവരണം നടപ്പായത്. ഇതു മാറ്റാൻ പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ കത്ത് മതിയാകില്ല. പഠനസമിതി റിപ്പോർട്ട് കൂടി ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കാനാണ് ധാരണ. ഇതിന് ഫ്ലോട്ടിങ് സംവരണത്തിന്റെ 10 വർഷത്തെ ഡേറ്റ വിലയിരുത്തും. കണക്കുകൾ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവേശന പരീക്ഷാ കമീഷണറേറ്റിൽനിന്ന് തേടിയിരുന്നു.
പിന്നാക്ക സമുദായ വിദ്യാർഥികൾക്ക് മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിൽ വൻ തിരിച്ചടിയാകുന്ന തീരുമാനം റദ്ദാക്കാൻ ‘മാധ്യമം’ വാർത്തയെ തുടർന്ന് ശക്തമായ ആവശ്യം ഉയർന്നിരുന്നു. ഫ്ലോട്ടിങ് സംവരണ രീതി നിർത്തലാക്കണമെന്ന ഉദ്യോഗസ്ഥ സമ്മർദവും ശക്തമായി തുടരുകയുമാണ്.
ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, പ്രവേശന പരീക്ഷ കമീഷണർ തുടങ്ങിയവരാണ് ഫ്ലോട്ടിങ് സംവരണ നിലപാട് സർക്കാറിന് മുന്നിലെത്തിച്ചത്.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഫ്ലോട്ടിങ് സംവരണം നിർത്തലാക്കുന്നതിൽ ഉടൻ തീരുമാനം വേണ്ടെന്നാണ് സർക്കാർ നിലപാട്. ആവശ്യമെങ്കിൽ പ്രവേശന നടപടി ആരംഭിക്കുന്നതിനു മുമ്പ് പ്രത്യേക ഉത്തരവിലൂടെ പ്രോസ്പെക്ടസ് സർക്കാറിന് ഭേദഗതി ചെയ്യാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.