തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ, എയ്ഡഡ്, സ്വയംഭരണ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സമുദായികാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യ കണക്ക് പുറത്ത്. നിയമസഭയിൽ പി. ഉബൈദുല്ലയുടെ ചോദ്യത്തിന് ദിവസങ്ങൾക്ക് മുമ്പ് മന്ത്രിസ്ഥാനം ഒഴിഞ്ഞ കെ. രാധാകൃഷ്ണൻ നൽകിയ മറുപടിയിലാണ് കണക്കുള്ളത്. ജീവനക്കാരിൽ 36.08 ശതമാനം പേർ മുന്നാക്ക വിഭാഗത്തിൽനിന്നുള്ളവരാണ്.
ആകെ സർവിസിലുള്ള 5,45,423 പേരിൽ 1,96,837 പേരും മുന്നാക്ക വിഭാഗത്തിൽനിന്നാണ്. ഇതിൽ 1,08,012 പേർ (19.8 ശതമാനം) നായർ, അനുബന്ധ സമുദായത്തിൽനിന്നുള്ളവരും 73,713 പേർ (13.51 ശതമാനം) മുന്നാക്ക ക്രൈസ്തവ വിഭാഗത്തിൽനിന്നുള്ളവരുമാണ്. 1,15,075 ആണ് ഈഴവ സമുദായക്കാർക്ക് സർക്കാർ, അനുബന്ധ സർവിസിലുള്ള പ്രാതിനിധ്യം -21.09 ശതമാനമാണ്. 73,774 ആണ് മുസ്ലിം പ്രാതിനിധ്യം -13.51 ശതമാനം. ലത്തീൻ കത്തോലിക്ക വിഭാഗത്തിൽനിന്ന് 22,542 പേർക്കാണ് (4.13 ശതമാനം) പ്രാതിനിധ്യം. എസ്.സി വിഭാഗത്തിൽനിന്ന് 51,783 പേർ (9.49 ശതമാനം). എസ്.ടി വിഭാഗത്തിൽനിന്ന് 10,513 പേർ (1.92 ശതമാനം).
ജനസംഖ്യാനുപാതിക പ്രാതിനിധ്യവുമായി താരതമ്യം ചെയ്യുമ്പോൾ മുസ്ലിം സമുദായത്തിൽനിന്നുള്ളവർക്കാണ് സർക്കാർ സർവിസിൽ വലിയ കുറവുള്ളത്. 2011ലെ സെൻസസ് പ്രകാരം സംസ്ഥാന ജനസംഖ്യയുടെ 26.56 ശതമാനമാണ് മുസ്ലിംകൾ. പുറത്തുവന്ന കണക്ക് പ്രകാരം 13.51 ശതമാനം മാത്രമാണ് സർക്കാർ, അനുബന്ധ സർവിസിലെ പ്രാതിനിധ്യം. ജനസംഖ്യയുടെ 25 ശതമാനത്തോളമുള്ള ഈഴവ സമുദായത്തിലുള്ളവർക്ക് 21.09 ശതമാനത്തിന്റെ പ്രാതിനിധ്യമുണ്ട്.
സർവിസിലെ ഒ.ബി.സി പ്രാതിനിധ്യം 2,85,335 ആണ്. ഇത് മൊത്തം സർവിസിലുള്ളവരുടെ എണ്ണത്തിന്റെ 52.31 ശതമാനമാണ്. സംസ്ഥാന ജനസംഖ്യയിലെ ഒ.ബി.സി പ്രാതിനിധ്യം 65-70 ശതമാനത്തിനിടയിലാണ്. ഒ.ബി.സി വിഭാഗങ്ങളെ മൊത്തത്തിൽ പരിഗണിക്കുമ്പോഴും ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് ജാതി സെൻസസ് നടത്തണമെന്ന് പിന്നാക്ക സംഘടനകൾ ഒന്നടങ്കം ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് പിന്നാക്ക സമുദായങ്ങളുടെ പ്രാതിനിധ്യക്കുറവിലേക്ക് വിരൽ ചൂണ്ടുന്ന സർക്കാർ സർവിസിലെ സമുദായം തിരിച്ചുള്ള കണക്ക് പുറത്തുവരുന്നത്. സംസ്ഥാന പിന്നാക്ക വിഭാഗ കമീഷനാണ് സർക്കാർ തീരുമാനപ്രകാരം പ്രത്യേക പോർട്ടൽ തുറന്ന് 2018 ജൂലൈ മുതൽ വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ കണക്ക് ശേഖരിച്ചത്.
മുന്നാക്ക ക്രിസ്ത്യൻ 73,713
നായർ/ പിള്ള/ തമ്പി/ അനുബന്ധ വിഭാഗങ്ങൾ 1,08,012
ബ്രാഹ്മണർ/ നമ്പൂതിരി/ അനുബന്ധ വിഭാഗങ്ങൾ 7112
ഈഴവ/ തിയ്യ/ മറ്റ് അനുബന്ധ വിഭാഗങ്ങൾ 1,15,075
മുസ്ലിം 73,774
ലാറ്റിൻ ക്രിസ്ത്യൻ 22,542
എസ്.ഐ.യു.സി ഉൾപ്പെടെ നാടാർ 7589
വിശ്വകർമ/ അനുബന്ധ വിഭാഗങ്ങൾ 16,564
ധീവര അനുബന്ധ വിഭാഗങ്ങൾ 6818
പുലയൻ/ ചേരമർ/ അനുബന്ധ വിഭാഗങ്ങൾ 19,627
ഹിന്ദു നാടാർ 5089
പരിവർത്തിത ക്രൈസ്തവർ 2399
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.