മേപ്പാടി/കോഴിക്കോട്: വേതന വർധന സംബന്ധിച്ച ചർച്ചകൾക്ക് താൽക്കാലിക വിരാമമിട്ട് തോട്ടം തൊഴിലാളികൾക്ക് പ്രതിദിനം 50 രൂപ ഇടക്കാലാശ്വാസം നൽകാൻ തീരുമാനം. ഫെബ്രുവരി ഒ ന്നുമുതൽ ജൂൺ ഒന്നുവരെയുള്ള കാലയളവിലാണ് ഇടക്കാലാശ്വാസമായി പ്രതിദിനം 50 രൂപ അധി കം നൽകുക. മുൻകാല പ്രാബല്യമില്ല. ഇതുവരെയുള്ള തുക മാർച്ച് 15ന് മുമ്പായി തോട്ടമുടമകൾ തൊഴിലാളികൾക്ക് നൽകണം. ബുധനാഴ്ച വൈകീട്ട് തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണെൻറ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന പ്ലാേൻറഷൻ ലേബർ കമ്മിറ്റിയിലാണ് തീരുമാനം.
എന്നാൽ, പുതിയ സേവന-വേതന കരാറിന് ഇനിയും രൂപംനൽകാനായിട്ടില്ല. ഇതിനുള്ള ചർച്ച തുടരും. ജൂണിൽ പുതിയ കരാറുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. 301 രൂപയാണിപ്പോൾ തേയില വ്യവസായ തൊഴിലാളികളുടെ പ്രതിദിന അടിസ്ഥാന വേതനം. അത് 50 രൂപ കൂടി വർധിക്കും. 30 രൂപ ക്ഷാമബത്ത കൂടി ചേർത്താൽ 381 രൂപ ലഭിക്കും. സൂപ്പർവൈസർമാർ ഉൾെപ്പടെ മറ്റു കാറ്റഗറി ജീവനക്കാർക്കും 50 രൂപ ഇടക്കാലാശ്വാസം ലഭിക്കും. മാസം 26 തൊഴിൽ ദിനങ്ങളാണ് അവർക്ക് കണക്കാക്കുക.
ഫെബ്രുവരി മാസ ഇടക്കാലാശ്വാസം മാർച്ച് 15 നകം ശമ്പളത്തോടൊപ്പം വിതരണം ചെയ്യുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തോട്ടം തൊഴിലാളികളുടെ കൂലി വർധനയടക്കം ചർച്ചചെയ്യാൻ പ്ലാേൻറഷൻ ലേബർ കമ്മിറ്റി യോഗം ജൂണിൽ ചേരും. റബർമേഖലയിൽ സിയാൽ മാതൃകയിൽ കമ്പനി രൂപവത്കരിച്ച് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കും. റബർ ബാൻഡ്സം അടക്കം വ്യത്യസ്ത ഉൽപന്നങ്ങൾ നിർമിക്കുന്നതാകും കമ്പനി. വയനാട് കാപ്പിയും ഇടുക്കി തേയിലയും പ്രത്യേക ബ്രാൻഡിൽ വിപണിയിലെത്തിക്കും. തോട്ടംമേഖലയെ രക്ഷിക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.