കോട്ടയം: സ്ത്രീധന നിരോധന നിയമം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലയിലും സ്ത്രീധന നിരോധന ഓഫിസര്‍മാരെ നിയോഗിച്ചിട്ടും കൃത്യമായി പ്രയോജനപ്പെടുത്താതെ പരാതിക്കാർ. ഭൂരിഭാഗം പേരും വിവാഹമോചന കേസുമായി മുന്നോട്ട് നീങ്ങുന്നതിനിടെ മാത്രമാണ് സ്ത്രീധന നിരോധന ഓഫിസര്‍മാരെ തേടിയെത്തുന്നത്. എന്നാൽ, കേസ് കോടതിയിലായതിനാൽ ഓഫിസര്‍മാരും നിസ്സഹായരാകുന്നു. ഹിയറിങ്ങിന് വിളിക്കുമ്പോഴായിരിക്കും കോടതിയിൽ കേസ് നൽകിയ കാര്യം പലരും വ്യക്തമാക്കുന്നത്. ഇതോടെ കേസ് തുടരാൻ നിർദേശം നൽകുകയാണ് ചെയ്യുന്നത്. സ്ത്രീധനം ആവശ്യപ്പെടുന്ന സമയത്തോ ഇതേച്ചൊല്ലി തർക്കമുണ്ടാകുകയോ ചെയ്യുമ്പോൾ തന്നെ സ്ത്രീധന നിരോധന ഓഫിസര്‍മാർക്ക് പരാതി നൽകിയിരുന്നെങ്കിൽ കൃത്യമായി നടപടിയെടുക്കാൻ കഴിയുമായിരുന്നു. ജില്ലയിൽ ഇതുവരെ 14 പരാതിയാണ് എത്തിയത്. ഇതിൽ 13 എണ്ണവും കോടതിയിൽ കേസുള്ളവ ആയിരുന്നു.
ബാക്കി ഒരെണ്ണത്തിൽ സ്ത്രീധനം നൽകിയതിന്റെ തെളിവുകളോ രേഖകളോ ഇല്ലായിരുന്നു. തെളിവുകൾ ഹാജരാക്കാൻ സമയം നൽകിയിട്ടും പരാതിക്കാർക്ക് കഴിഞ്ഞില്ല. ഭൂരിഭാഗം ജില്ലകളിലും ഈ പ്രശ്നമുണ്ട്.
സ്ത്രീധന നിരോധന ഓഫിസര്‍മാരുടെ നേതൃത്വത്തിൽ ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തുകയും റിവിഷൻ നടപടിയിലെത്തിയിട്ടുമുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ടാൽ ആരെ സമീപിക്കണം എന്നതുസംബന്ധിച്ച് കൃത്യമായ ബോധവത്കരണം ഇല്ലാത്തതാണ് ഇത്തരം പ്രശ്നങ്ങളിലേക്കു നയിക്കുന്നത്. വിവാഹത്തിന് സമ്മാനങ്ങൾ എന്ന പേരിൽ നൽകുന്നവയടക്കം കൃത്യമായി രേഖപ്പെടുത്തി വെക്കണമെന്നാണ് നിയമമെങ്കിലും ആരും ചെയ്യാറില്ല. ഇങ്ങനെ ചെയ്താൽ പിന്നീട് കേസിലേക്കെത്തുമ്പോൾ ഇതേച്ചൊല്ലി തർക്കം ഒഴിവാക്കാനാകുമെന്നും സ്ത്രീധന നിരോധന ഓഫിസര്‍മാർ ചൂണ്ടിക്കാട്ടുന്നു. 2021 ജൂലൈയിലാണ് 14 ജില്ലകളിലും വനിത ശിശുവികസന വകുപ്പ് ജില്ല ഓഫിസര്‍മാരെ സ്ത്രീധന നിരോധന ഓഫിസര്‍മാരായി നിയോഗിച്ചത്. നേരത്തേ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖല ഓഫിസുകളില്‍ മാത്രമായിരുന്നു ഈ തസ്തിക ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.