പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫിസിനെതിരായി ഉയർന്ന ജോലി തട്ടിപ്പ് പരാതിയിൽ ഇടനിലക്കാരനായി സൂചിപ്പിച്ച അഖിൽ സജീവ് സി.ഐ.ടി.യു പത്തനംതിട്ട ജില്ല കമ്മിറ്റി ഓഫിസ് മുൻ സെക്രട്ടറി. സി.ഐ.ടി.യു. ജില്ല കമ്മിറ്റിയുടെ പേരിൽ കേരള ബാങ്കിൽ നിക്ഷേപിച്ച 3.60 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടു വർഷം മുമ്പ് ഇയാളെ സംഘടനയിൽനിന്ന് പുറത്താക്കിയിരുന്നു.
ജില്ല കമ്മിറ്റിയുടെ പരാതിയിൽ വള്ളിക്കോട് സ്വദേശി അഖിൽ സജീവിനെതിരെ പത്തനംതിട്ട പൊലീസെടുത്ത കേസ് കോടതിയിലാണെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റും ജില്ല സെക്രട്ടറിയുമായ പി.ബി. ഹർഷകുമാർ പറഞ്ഞു. സി.ഐ.ടി.യു ജില്ല സെക്രട്ടറിയായിരുന്ന പി.ജെ. അജയകുമാർ, ട്രഷറർ ആർ. സനൽകുമാർ എന്നിവരുടെ വ്യാജ ഒപ്പിട്ട് 2.20 ലക്ഷം രൂപ അഖിൽ പിൻവലിച്ചു. സംസ്ഥാന കമ്മിറ്റിക്ക് കൈമാറാൻ എൽപിച്ച 1.40 ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. ബാങ്കിന്റെ സ്ലിപ് മോഷ്ടിച്ച് കള്ളസീൽ ഉപയോഗിച്ചാണ് ഇയാൾ പണമിടപാടുകൾ ഭാരവാഹികളെ വിശ്വസിപ്പിച്ചത്.
പണമിടപാട് നടത്തിയ ചിലർക്ക് അഖിൽ സജീവ് അക്കൗണ്ടിന്റെ ചെക്ക് വ്യാജ ഒപ്പിട്ട് നൽകി. ബാങ്കിൽ സമർപ്പിച്ചപ്പോൾ മടങ്ങിയതോടെ ആളുകൾ പരാതിയുമായെത്തി. വിവരമറിഞ്ഞ നേതാക്കൾ ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്. ജില്ല സെക്രട്ടറിയായിരുന്ന പി.ജെ. അജയകുമാറാണ് അന്ന് പൊലീസിൽ പരാതി നൽകിയത്. ഇതിനിടെ ഇടനിലക്കാരനായി നിന്ന് ജോലി തട്ടിപ്പ് നടത്തുന്നതായ പരാതികളും അഖിലിനെതിരെ ഉയർന്നിരുന്നു. തുടർന്ന് സംഘടനയിൽനിന്ന് പുറത്താക്കുകയായിരുന്നെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗമായ പി.ബി. ഹർഷകുമാർ പറയുന്നു.
അഖിൽ സജീവ് രണ്ട് വർഷം സി.ഐ.ടി.യു ഓഫിസ് സെക്രട്ടറിയായി പ്രവർത്തിച്ചു. ഇയാളുടെ വള്ളിക്കോട്ടെ വീട് ഒരു വർഷമായി അടഞ്ഞു കിടക്കുകയാണ്. മുമ്പ് സജീവ സി.പി.എം പ്രവർത്തകനായിരുന്ന ഇയാൾ സി.ഐ.ടി.യു ഓഫിസ് തട്ടിപ്പിൽ പിടിയിലായതോടെ ഒരു വർഷമായി കാണാനില്ലെന്ന് നാട്ടുകാരും പറയുന്നു. സുഹൃത്തുക്കളുമായും ബന്ധമില്ല.
നിരവധി കേസുകളുടെ നോട്ടീസുകൾ വീടിന്റെ മുൻ വാതിലിൽ പതിച്ചിട്ടുണ്ട്. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ കോടതികളിലെ കേസുകളിൽ ഹാജരാകാതിരുന്ന സാഹചര്യത്തിൽ അയച്ച നോട്ടീസുകളാണ് ഇവ. സി.ഐ.ടി.യു അക്കൗണ്ടിൽനിന്ന് അഖിൽ തട്ടിയെടുത്ത തുകയിൽ നല്ലൊരു പങ്ക് പിതാവ് തിരികെ തന്നതായി സി.ഐ.ടി.യു ഭാരവാഹികൾ പറഞ്ഞു.
അതേസമയം, പരാതിയിൽ പറയുന്ന മന്ത്രിയുടെ സ്റ്റാഫായ അഖിൽ മാത്യുവിനെ സംബന്ധിച്ച് സംശയങ്ങളൊന്നും ഇല്ലെന്നും തട്ടിപ്പ് നടത്തിയതായി വ്യക്തമായിട്ടില്ലെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നും പി.ബി. ഹർഷകുമാർ പറഞ്ഞു. അഖിൽ മാത്യുവിന് ആരോഗ്യമന്ത്രി ക്ലീൻ ചിറ്റ് നൽകിയെങ്കിലും പാർട്ടി അതിന് തയാറല്ല എന്നാണ് പ്രതികരണങ്ങളിൽനിന്ന് വ്യക്തമാകുന്നത്. മന്ത്രി വീണ ജോർജിന്റെ കുടുംബവീടായ പത്തനംതിട്ട കുമ്പഴയിൽ തന്നെയാണ് അഖിൽ മാത്യുവും താമസിക്കുന്നത്. ഇയാൾ തന്റെ ബന്ധു അല്ലെന്ന് മന്ത്രി വീണ ആണയിടുമ്പോഴും അകന്ന ബന്ധുവാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.