വീണ്ടും പരാതി; പി.കെ. ശശിക്കെതിരെ സി.പി.എം ജില്ല സെക്രട്ടേറിയറ്റിൽ വിമർശനം

പാലക്കാട്: കെ.ടി.ഡി.സി ചെയര്‍മാനും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ശശിക്കെതിരെ ഉയർന്ന പുതിയ ആരോപണങ്ങൾ പരിശോധിക്കാൻ സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ പ​ങ്കെടുത്ത യോഗത്തിലാണ്​ തീരുമാനം.

സഹകരണ സ്ഥാപനങ്ങളിൽ നടത്തിയ സ്വജനപക്ഷപാത നിയമനങ്ങളും സാമ്പത്തിക ക്രമക്കേടുകളും പരിശോധിക്കണം എന്നായിരുന്നു ജില്ല നേതൃത്വത്തിന് കിട്ടിയ പരാതി. രണ്ടുമാസം മുമ്പാണ് മണ്ണാർക്കാട് ലോക്കൽ കമ്മിറ്റി അംഗം കെ. മൻസൂർ ജില്ല കമ്മിറ്റിക്ക് പരാതി നൽകിയത്. അത്​ ഇതുവരെയും ജില്ല നേതൃത്വം ചർച്ചക്ക്​ എടുത്തിരുന്നില്ല. ഇതുസംബന്ധിച്ച്​ മുറുമുറുപ്പുകൾ ഉയർന്നതോടെയാണ്​ സെക്രട്ടേറിയറ്റ്​ വിളിച്ചുചേർത്ത്​ വിഷയം ചർച്ച ചെയ്തത്​.

പി.കെ. ശശിക്കെതിരായ ആരോപണം പരിശോധിക്കണം എന്നാണ് ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടത്. ഒരു സംസ്ഥാന കമ്മിറ്റിയംഗം ഉൾപ്പെടെ രണ്ടുപേർ ശശിയെ പ്രതിരോധിക്കാൻ തുനിഞ്ഞു. വിഷയം ഗൗരവതരം എന്ന നിലപാട് എടുത്ത ജില്ല സെക്ര​േട്ടറിയറ്റ്, മണ്ണാർക്കാട് ലോക്കൽ കമ്മിറ്റിയിൽ പരാതി ചർച്ച ചെയ്യണം എന്ന് നിർദേശിച്ചു. അടുത്ത ദിവസം ജില്ല സെക്രട്ടറി കൂടി പങ്കെടുക്കുന്ന എൽ.സി യോഗത്തിൽ മൻസൂറിന്‍റെ പരാതി ചർച്ചചെയ്യും.

അതിനുശേഷം ചേരുന്ന ജില്ല സെക്ര​േട്ടറിയറ്റ് യോഗത്തിൽ ലോക്കൽ കമ്മിറ്റിയിലെ ചർച്ചയുടെ ഉള്ളടക്കം അറിയിക്കും. പി.കെ. ശശി തലവനായുള്ള യൂനിവേഴ്സൽ കോളജിലേക്ക് വിവിധ സഹകരണ ബാങ്കുകളിൽനിന്ന് പാർട്ടി അറിയാതെ ഓഹരി ശേഖരിച്ചു എന്നതായിരുന്നു ഒരു പരാതി. പി.കെ. ശശിയുടെ ഭീഷണി കാരണം പലരും പാർട്ടിയുമായി അകലുന്നു എന്നതടക്കം രൂക്ഷമായ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളുമാണ് പരാതിയിലുള്ളത്​.

Tags:    
News Summary - Complaint Criticism against PK Sasi in CPM district secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.