കല്ല്യാശ്ശേരി: ലോക്സഭ തെരഞ്ഞെടുപ്പിലെ വീട്ടിൽ വോട്ടിന്‍റെ ഭാഗമായി കണ്ണൂരിൽ 92കാരിയുടെ വോട്ട് ചെയ്തത് സി.പി.എം നേതാവെന്ന് പരാതി. കല്യാശ്ശേരി സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്‍റുമായ ഗണേഷിനെതിരെയാണ് പരാതി ഉയർന്നത്. നിയമ വിരുദ്ധമായി പ്രവർത്തിച്ച ഗണേഷിനെതിരെ ക്രിമനൽ നടപടികൾ എടുക്കുന്നതിനായി ഉപവരണാധികാരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കാസർകോട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന കല്ല്യാശ്ശേരിയിലാണ് പരാതിക്കിടയായ സംഭവം നടന്നത്. പരാതിക്കിടയായ വോട്ട് രേഖപ്പെടുത്തലിന്‍റെ കാമറ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. കല്യാശ്ശേരി സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേഷ് ആണ് 92കാരിയായ പാറക്കടവിൽ ദേവി വോട്ട് ചെയ്യുമ്പോൾ ബാഹ്യ ഇടപെടൽ നടത്തിയത്.
92കാരി വോട്ട് ചെയ്യാൻ പോകുന്നത്പത്തടി അകലത്തിൽ നിന്ന് ഗണേഷ് നിരീക്ഷിക്കുകയും തുടർന്ന് സമീപത്തെത്തി ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യേണ്ട ചിഹ്നം കാണിച്ചു കൊടുക്കുകയുമായിരുന്നു. ഈ സമയത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സമീപത്തുണ്ടായിരുന്നു.
അതേസമയം, മുതിർന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയിൽ ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിങ് സംഘത്തിലെ ഉദ്യോഗസ്ഥരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ സസ്പെൻസ് ചെയ്തു. സ്പെഷ്യൽ പോളിങ് ഓഫിസർ, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പൊലീസ് ഓഫിസർ, വിഡിയോഗ്രാഫർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
നിയമ വിരുദ്ധമായി പ്രവർത്തിച്ച തെരഞ്ഞെടുപ്പു സംഘത്തിനുമെതിരെ ക്രിമനൽ നടപടികൾ എടുക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണർ വഴി കല്യാശ്ശേരി ഉപവരണാധികാരി ഔദ്യോഗികമായി കണ്ണപുരം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
കല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തിൽ 164ാം ബൂത്തിൽ ഏപ്രിൽ 18നാണ് നടപടിക്ക് ഇടയാക്കിയ സംഭവം നടന്നത്. എടക്കാടൻ ഹൗസിൽ ദേവി(92)യുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുമ്പോൾ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ബാഹ്യ ഇടപെടൽ ഉണ്ടായെന്നാണ് ശ്രദ്ധയിൽപെട്ടത്. സംഭവത്തിൽ മണ്ഡലം ഉപവരണാധികാരി നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.
അഞ്ചാം പീടിക കപ്പോട്കാവ് ഗണേശൻ എന്നയാൾ വോട്ടിങ് നടപടിയിൽ ഇടപെട്ടു എന്നും ഇത് ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. ഇവർക്കെതിരെ വകുപ്പ് തല നടപടിക്കും പൊലീസ് അന്വേഷണത്തിനും ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷ നിയമം 171(സി ) വകുപ്പിന്റെ ലംഘനവും സംഭവത്തിൽ ഉൾപ്പെട്ടതായി റിപ്പോർട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.