കോട്ടയം: സിസ്റ്റർ അഭയ കൊലക്കേസിൽ കോടതി ഇരട്ടജീവപര്യന്തം തടവിന് ശിക്ഷിച്ച ഫാ. തോമസ് കോട്ടൂരിന് ശിക്ഷയിളവ് നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരക്കൽ. പ്രതിയുടെ വിടുതൽ അപേക്ഷ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും ജോമോൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
70 വയസ്സ് കഴിഞ്ഞതിനാൽ ശിക്ഷ ഇളവ് ചെയ്യണമെന്നാണ് പ്രതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നീതീകരിക്കാനാകില്ല. കോടതി ശിക്ഷിച്ചാൽപോലും പണവും സ്വാധീനവുമുള്ളവർക്ക് ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയുമെന്നത് ജനങ്ങൾക്ക് നിയമവ്യവസ്ഥയോടും സർക്കാറിനോടുമുള്ള വിശ്വാസം നഷ്പ്പെടാൻ ഇടയാകുമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിലവിൽ ചുരുങ്ങിയകാലം മാത്രമാണ് അദ്ദേഹം ജയിലിൽ കഴിഞ്ഞിരിക്കുന്നത്. ഇതിനിടെ 139 ദിവസം സർക്കാർ പരോൾ അനുവദിക്കുകയും ചെയ്തു. ഫാ. തോമസ് കോട്ടൂരിന് ഇളവ് നൽകാനുള്ള നീക്കത്തെ പൊലീസ് എതിർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മോചനം തെറ്റായ സന്ദേശം നൽകുമെന്നും അതിനാൽ ശിക്ഷ ഇളവ് ചെയ്യരുതെന്നുമാണ് കോട്ടയം ജില്ല പൊലീസ് മേധാവി റിപ്പോർട്ട് നൽകിയിരിക്കുന്നതെന്നും ജോമോൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.