സംരംഭകരുടെ പരാതി: നടപടിയില്ലെങ്കില്‍ ഉദ്യോഗസ്ഥരില്‍നിന്ന് പിഴ ഈടാക്കുമെന്ന് മന്ത്രി പി. രാജീവ്; ഒരു ദിവസത്തിന്‌ 250 രൂപയാണ് പിഴ

തിരുവനന്തപുരം: സംരംഭകരുടെ പരാതിയിൽ നടപടിയില്ലെങ്കില്‍ ഉദ്യോഗസ്ഥരില്‍നിന്ന് പിഴ ഈടാക്കുമെന്ന് മന്ത്രി പി. രാജീവ്. ഇത്തരമൊരു നടപടി രാജ്യത്താദ്യമെന്നു​ം മന്ത്രി. പൂർണമായും ഓൺലൈനായി പ്രവർത്തിക്കുന്ന പരാതി പരിഹാര സംവിധാനത്തിലേക്ക് സംരംഭകരിൽനിന്ന് പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ പരിഹാരം ഉറപ്പുവരുത്തണം. പരിഹാരം നിർദേശിച്ച ശേഷം 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒരു ദിവസത്തിന്‌ 250 രൂപ എന്ന നിലയിൽ പിഴ അടക്കണം. പരമാവധി 10,000 രൂപവരെ ഇത്തരത്തിൽ പിഴ ഈടാക്കും. ഫേസ് ബുക്ക് പേജിൽ ഇതെ കുറിച്ച് വിശദമായ കുറിപ്പാണ് മന്ത്രി എഴുതിയത്.

കുറിപ്പിന്റെ പൂർണ രൂപത്തിൽ

ഇന്ത്യയിലെ മറ്റേതെങ്കിലുമൊരു സംസ്ഥാനത്ത് സംരംഭകരുടെ പരാതിയിൽ തീർപ്പ് കൽപ്പിക്കുന്നത് അനാവശ്യമായി വൈകിപ്പിക്കുന്ന/വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനിൽ നിന്ന് പിഴ ഈടാക്കുന്ന സംവിധാനം നിലവിലുണ്ടോ? നമ്മുടെ കേരളമാണ് ഈ വിധത്തിൽ പരാതി പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥനിൽ നിന്ന് പിഴ ഈടാക്കാൻ സാധിക്കുന്ന സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം.

പൂർണമായും ഓൺലൈനായി പ്രവർത്തിക്കുന്ന പരാതി പരിഹാര സംവിധാനത്തിലേക്ക് സംരംഭകരിൽനിന്ന് പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ പരിഹാരം ഉറപ്പുവരുത്തണം. പരിഹാരം നിർദേശിച്ച ശേഷം 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒരു ദിവസത്തിന്‌ 250 രൂപ എന്ന നിലയിൽ പിഴ ഒടുക്കണം. പരമാവധി 10,000 രൂപവരെ ഇത്തരത്തിൽ പിഴ ഈടാക്കാനാകും.

http://grievanceredressal.industry.kerala.gov.in/login എന്ന പോർട്ടലിലാണ് നിങ്ങളുടെ പരാതികൾ രേഖപ്പെടുത്തേണ്ടത്. 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ ജില്ലാതല കമ്മിറ്റികൾക്ക് പരിശോധിക്കാൻ സാധിക്കും.

10 കോടിക്കു മുകളിൽ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്മേലുള്ള അപ്പീലും സംസ്ഥാന കമ്മിറ്റിയാണ് പരിശോധിക്കുക. സംസ്ഥാന കമ്മിറ്റിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കൺവീനറുമാണ്.

പരാതിയുടെ വിചാരണ വേളയിൽ ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും ഒരു സിവിൽ കോടതിക്ക് തുല്യമായ അധികാരങ്ങൾ ഉണ്ടായിരിക്കും. മതിയായ കാരണം കൂടാതെ സേവനം നൽകുന്നതിന് നിയുക്തനായ ഉദ്യോഗസ്ഥൻ കാലതാമസമോ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് ജില്ലാ-സംസ്ഥാന കമ്മിറ്റികൾക്ക് ബോധ്യപ്പെട്ടാൽ ഈ ഉദ്യോഗസ്ഥനുമേൽ പിഴ ചുമത്തുന്നതിനും ബാധകമായ സർവീസ് ചട്ടങ്ങൾക്ക് കീഴിൽ വകുപ്പുതല നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട അധികാര സ്ഥാനത്തോട് ശുപാർശ ചെയ്യുന്നതിനും സാധിക്കും. സംരംഭകർക്ക് ആത്മവിശ്വാസം നൽകുന്നതിനും സർക്കാരിലുള്ള വിശ്വാസം വർധിപ്പിക്കുന്നതിനും ഉപകാരപ്പെടുന്നതാകും ഈ സംവിധാനം. സംരംഭക സൗഹൃദ കേരളമെന്ന സർക്കാർ നയം 100% നടപ്പിലാകുന്നതിന് ഈ പരാതി പരിഹാര സംവിധാനം സഹായകമാകും.

Tags:    
News Summary - Complaints of entrepreneurs: Minister P. Rajeev will charge fines from officials if no action is taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.