കടയ്ക്കൽ: വഴിത്തർക്കത്തെ തുടർന്ന് അയൽവാസികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിതാവും മകനും അറസ്റ്റിൽ. ചിതറ മതിര തോട്ടുമുക്ക് ആനന്ദഭവനിൽ സോമൻ (70), മകൻ ആനന്ദ് (35) എന്നിവരെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചക്കായിരുന്നു കേസിനാസ്പദമായ സംഭവം. മതിര തോട്ടുമുക്ക് മംഗലത്ത് പുത്തൻവീട്ടിൽ ഷിജു (37), തോട്ടുമുക്ക് വിനയം വീട്ടിൽ വിനീത (30) എന്നിവരെയാണ് അയൽവാസികളായ പിതാവും മകനും വാളുകൊണ്ട് വെട്ടിയത്.
സാരമായി പരിക്കേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷിജുവിന്റെയും സോമന്റെയും വീട്ടുകാർ തമ്മിൽ കുറച്ചു വർഷങ്ങളായി വഴിത്തർക്കം നിലനിന്നിരുന്നു.
കഴിഞ്ഞദിവസം ഷിജുവിന്റെ സഹോദരിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കായി വീട്ടുകാർ പോയ സമയത്ത് സോമനും മകൻ ആനന്ദും ചേർന്ന് തർക്കം നിലനിന്നിരുന്ന വഴിയിൽനിന്ന എല്ലാ മരങ്ങളും വെട്ടിമാറ്റി. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ഇരുവരും വാളുമായി വീട്ടിലേക്ക് അതിക്രമിച്ച് കയറി ഷിജുവിനെ തലയിലും ശരീരത്തും വെട്ടിയത്.
ഇത് കണ്ട് തടസ്സം പിടിക്കാനെത്തിയ അയൽവാസി വിനീതക്കും വെട്ടേറ്റു.
തുടർന്ന് ഒളിവിൽ പോയിരുന്ന പ്രതികളെ ചിതറ സി.ഐ പി. ശ്രീജിത്, എസ്.ഐമാരായ രശ്മി, അജിത് ലാൽ എ.എസ്.ഐ സലീന, സി.പി.ഒമാരായ അഖിലേഷ്, അനൂപ്, അരുൺ, ഉബൈദ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
മുമ്പും അടിപിടി കേസുകളിൽ ആനന്ദ് പ്രതിയായിട്ടുള്ളതായി പൊലീസ് പറഞ്ഞു. കടയ്ക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.