തൃശൂർ: എൻ.സി.പി സംസ്ഥാന പ്രസിഡന്റും ദേശീയ വർക്കിങ് പ്രസിഡന്റുമായ പി.സി. ചാക്കോയുടെ നിലപാടുകൾക്കെതിരെ ദേശീയ അധ്യക്ഷൻ ശരദ് പവാറിന് കത്തയച്ച് സംസ്ഥാന സമിതി അംഗങ്ങൾ. മന്ത്രി എ.കെ. ശശീന്ദ്രനെ പിൻവലിച്ചാൽ മന്ത്രിസഭയിൽ എൻ.സി.പിക്ക് പ്രാതിനിധ്യം ഉണ്ടാകുമെന്ന് ഉറപ്പാക്കണമെന്നും സീനിയർ വൈസ് പ്രസിഡന്റ് പി.കെ. രാജന്റെ സസ്പെന്ഷൻ റദ്ദാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. രണ്ട് വർഷമായി സംസ്ഥാന പ്രസിഡന്റിന്റെ തെറ്റായ പോക്കിൽ അംഗങ്ങൾ നിരാശരാണെന്ന് കത്തിൽ വിശദീകരിക്കുന്നു.
പാർട്ടി വേദികളിൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ല. പാർട്ടിയിലോ സീനിയർ നേതാക്കളോടോ ആലോചിക്കാതെ തന്നിഷ്ടപ്രകാരം സർക്കാർ സമിതികളിലേക്ക് നാമനിർദേശം ചെയ്യുന്നു. ദേശീയ സമിതിയിലേക്കും സംസ്ഥാന എക്സിക്യൂട്ടിവിലേക്കും സംസ്ഥാന പ്രസിഡന്റ് നാമനിർദേശം ചെയ്യുന്ന പലരെയും മുതിർന്ന നേതാക്കൾക്ക് പോലും അറിയില്ല. സംസ്ഥാന ഭാരവാഹി യോഗത്തിൽ പ്രസിഡന്റ് പങ്കെടുക്കുകയോ അധ്യക്ഷത വഹിക്കാൻ സീനിയർ വൈസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തുകയോ ചെയ്തില്ല.
1999ൽ എൻ.സി.പി രൂപവത്കരണത്തിൽ പ്രധാന പങ്ക് വഹിച്ച എ.കെ. ശശീന്ദ്രനുമായി മന്ത്രിസ്ഥാനം ഒഴിയുന്ന കാര്യം ചർച്ചചെയ്യാൻ പി.സി. ചാക്കോ അയച്ചത് ജൂനിയറായ സംസ്ഥാന ഭാരവാഹികളെയാണ്. ഔദ്യോഗിക സംവിധാനങ്ങളിൽ ചർച്ചചെയ്യാതെ രാജിയും മന്ത്രിമാറ്റവും സംസ്ഥാന പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനിച്ചതാണ്. മന്ത്രിസ്ഥാനത്തുനിന്ന് മാറിയാൽ ശശീന്ദ്രന്റെ സ്ഥാനമെന്ത് എന്ന കാര്യം അവ്യക്തമാണ്. പി.സി. ചാക്കോ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാൽ ദേശീയ വർക്കിങ് പ്രസിഡന്റ് എന്നനിലയിൽ കൂടുതൽ പ്രവർത്തിക്കാൻ സമയം ലഭിക്കും. സംസ്ഥാന സർക്കാറിന് ഇനി ഒന്നര വർഷം മാത്രം കാലാവധിയുള്ളപ്പോൾ മന്ത്രിയെ മാറ്റാനുള്ള നിർദേശം എൽ.ഡി.എഫ് ഏതുവിധത്തിൽ സ്വീകരിക്കുമെന്നും വ്യക്തമല്ല.
ദേശീയ സമിതിയംഗവും തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റുമായ പി.കെ. രാജനെ സംസ്ഥാന പ്രസിഡന്റ് സസ്പെൻഡ് ചെയ്തു. ടി.പി. പീതാംബരൻ ഉൾപ്പെടെ മുതിർന്ന നേതാക്കളോട് ആലോചിച്ചല്ല ആ നടപടി. ദേശീയ സമിതി അംഗത്തിനെതിരെ നടപടിയെടുക്കാൻ ഭരണഘടനപ്രകാരം സംസ്ഥാന പ്രസിഡന്റിന് അധികാരമില്ല. സസ്പെൻഷനു മുമ്പ് കാരണം കാണിക്കൽ നോട്ടീസ് പോലും നൽകിയില്ല- കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.