കോൺഗ്രസ്​ ചോരപ്പൂക്കളം തീർത്ത്​ ഓണം ആഘോഷിക്കുന്നു -കോടിയേരി

തിരുവനന്തപുരം: തിരുവോണ നാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ തിരുവോണ ദിവസം പുലരുമ്പോഴാണ് രണ്ട് ചെറുപ്പക്കാരെ കോൺഗ്രസ് ഗുണ്ടാസംഘം പൈശാചികമായി വെട്ടിക്കൊന്നത്. ഡി.വൈ.എഫ്​.ഐ പ്രവർത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വടിവാൾ കൊണ്ട് വെട്ടിയരിഞ്ഞ് കൊന്നുതള്ളിയ കോൺഗ്രസ്, തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികൾക്ക് ആശംസ നേരുന്നത് -കോടിയേരി ഫേസ്​ബുക്​ പോസ്​റ്റിൽ പറഞ്ഞു.

കോൺ‌ഗ്രസിൻ്റെ വടിവാൾ രാഷ്ട്രീയത്തിൽ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെയും കുടുംബത്തി​െൻറ ദുഖം വിവരണാതീതമാണ്. അവരുടെ പ്രതീക്ഷകളെല്ലാം കൊലപാതക രാഷ്ട്രീയം കൊണ്ട് കോൺഗ്രസ് ഇല്ലാതാക്കി. കോവിഡ് മഹാമാരിയുടെ ഈ അസാധാരണ കാലത്ത് അതിജീവനത്തിൻറെ കരുതലോടെ നമ്മൾ മുന്നോട്ടു പോവുമ്പോൾ, കൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്കാരം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഇത് ആസൂത്രിത കൊലപാതകമാണ്. ഇതിനായി ഉന്നതതലത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് വധശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൻറെ തുടർച്ചയാണ് ഈ കൊലപാതകം. കോൺഗ്രസിൻറെ ഉന്നത നേതൃത്വത്തിന് ഈ കൊലപാതകത്തിൽ പങ്കുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.

കോൺഗ്രസ് നേതൃത്വം വികലമായ പ്രവൃത്തികൾ കൊണ്ടും പ്രസ്താവനകൾ കൊണ്ടും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ നീക്കത്തിനെതിരെ ശക്തമായ ബഹുജനവികാരം ഉയർന്നുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.