തൃശൂർ: കോർപറേഷനിൽ മേയർ പദവിയിലെ കാലാവധിയിൽ ഉടക്കി കോൺഗ്രസ് വിമതൻ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച എം.കെ. വർഗീസ് കഴിഞ്ഞദിവസമാണ് കാലാവധി സംബന്ധിച്ച് നിലപാടറിയിച്ചത്.
ആദ്യം അഞ്ചുവർഷം വേണമെന്ന് വർഗീസ് ആവശ്യപ്പെട്ടിരുന്നു. ഇത് നടക്കില്ലെന്ന സൂചന ലഭിച്ചതോടെ ആദ്യം മേയറാക്കണമെന്ന ആവശ്യം ഉന്നയിച്ചു. ശനിയാഴ്ച സി.പി.എം നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ, ഇതിലും തീരുമാനം അറിയിക്കാതിരുന്ന സി.പി.എം ആലോചിക്കാമെന്ന് അറിയിച്ചു.
ശനിയാഴ്ച തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്തു. ഭരണത്തുടർച്ചക്ക് സ്വീകാര്യമായ നടപടികൾ സ്വീകരിക്കാൻ സെക്രട്ടേറിയറ്റ് യോഗം നേതാക്കളെ ചുമതലപ്പെടുത്തി. വിമതനെ ഒപ്പം നിർത്താൻ വിട്ടുവീഴ്ചകൾ ആവാമെന്നാണ് സെക്രട്ടേറിയറ്റിൽ ധാരണ. കോർപറേഷൻ തെരഞ്ഞെടുപ്പ് ചുമതലയുള്ള എം.കെ. കണ്ണനാണ് വിവരങ്ങൾ യോഗത്തിൽ അറിയിച്ചത്.
കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, മന്ത്രി എ.സി. മൊയ്തീൻ അടക്കമുള്ളവരും യോഗത്തിൽ പങ്കെടുത്തു. ചർച്ച പുരോഗമിക്കുകയാണെന്നും ഞായറാഴ്ച തീരുമാനമെടുക്കുമെന്നും സി.പി.എം നേതാക്കൾ പറഞ്ഞു. വിഷയം ചർച്ച ചെയ്യുന്നതിന് ഞായറാഴ്ച 10ന് ഇടതുമുന്നണി യോഗം ചേരും. 11.30ന് കോർപറേഷൻ പാർലമെൻററി പാർട്ടി യോഗവും ചേരും.
ഇതിനിടെ, മുതിർന്ന കോൺഗ്രസ് നേതാക്കൾ വർഗീസിനെ വീണ്ടും സമീപിച്ച് കൂടെ നിൽക്കാൻ ആവശ്യപ്പെട്ടു. മേയർ പദവിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, തീരുമാനമറിയിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇടതുമുന്നണിക്ക് നിലവിൽ 24 അംഗങ്ങളുണ്ട്. യു.ഡി.എഫിന് 23 അംഗങ്ങളും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുല്ലഴിയിലെ വിജയം ഇരുകൂട്ടരും പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.