തിരുവനന്തപുരം: രണ്ടുവർഷത്തിനിടെ അച്ചടക്കനടപടിക്ക് വിധേയരായവരെ കോൺഗ്രസ് പുനഃസംഘടനയിൽ പരിഗണിക്കരുതെന്ന് കെ.പി.സി.സി നിർദേശം.തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണ സംഘങ്ങളുടെയും അധ്യക്ഷപദം വഹിക്കുന്നവരെ പാർട്ടി ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കാൻ പാടില്ലെങ്കിലും എക്സിക്യുട്ടിവിൽ ഉൾപ്പെടുത്താമെന്നും പുതുക്കിയ മാനദണ്ഡത്തിൽ കെ.പി.സി.സി നിർദേശിച്ചു. പുനഃസംഘടനക്കായി ആദ്യം പുറത്തിറക്കിയ മറ്റെല്ലാ മാനദണ്ഡങ്ങളും ഭാരവാഹികളുടെ എണ്ണത്തിന്റെ കാര്യത്തിലെ ആദ്യ തീരുമാനവും അതേപടി നിലനിർത്തി.
മണ്ഡലം പ്രസിഡന്റുമാരുടെ കാര്യത്തിൽ ആദ്യം തീരുമാനമെടുക്കണമെന്ന ആദ്യനിർദേശത്തിൽ മാറ്റമുണ്ട്. ഡി.സി.സി, ബ്ലോക്ക് പുനഃസംഘടന പൂർത്തീകരിച്ച് ഫെബ്രുവരി അഞ്ചിനകം ബന്ധപ്പെട്ട ജില്ല ഉപസമിതി കരട് പട്ടിക കെ.പി.സി.സിക്ക് കൈമാറണം. മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക 15ന് അകം നൽകിയാൽ മതി. അതേസമയം, ഇരട്ടപ്പദവി തത്ത്വമനുസരിച്ച് സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ്പദം വഹിക്കുന്നവരെ ഭാരവാഹികളാക്കേണ്ടെന്ന നിർദേശത്തോട് ചില കോണുകളിൽനിന്ന് ശക്തമായ എതിർപ്പ് ഉയർന്നു. ഇതു കണക്കിലെടുത്ത് സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാർക്ക് ഇളവ് നൽകുന്നത് നേതൃത്വത്തിന്റെ പരിഗണനയിലാണ്. അങ്ങനെവന്നാൽ മാനദണ്ഡം വീണ്ടും പുതുക്കേണ്ടിവരും. വലിയ ആസ്തിയും മറ്റു സൗകര്യങ്ങളുമുള്ള സഹകരണ സംഘം പ്രസിഡന്റുമാർക്ക് പാർട്ടി ഭാരവാഹിത്വം നൽകാൻ മാനദണ്ഡം ഭേദഗതി ചെയ്താൽ അതേ ആവശ്യവുമായി തദ്ദേശസ്ഥാപന ഭാരവാഹികളും സമ്മർദം ശക്തമാക്കും. അതു നേതൃത്വത്തിന് പുതിയ തലവേദനയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.