മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ താഴെയിറക്കുന്നതുവരെ കോൺഗ്രസിന് വിശ്രമമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്തും ചെയ്യാൻ മടിക്കാത്തവരാണ് രാജ്യം ഭരിക്കുന്നത്. പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ വിദ്വേഷ പ്രസംഗത്തിന്റെ അരങ്ങേറ്റമാണ് നടന്നത്. എന്തുവില കൊടുത്തും മോദിഭരണത്തെ താഴെയിറക്കേണ്ടതിനാലാണ് ഇൻഡ്യ മുന്നണി രൂപവത്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആര്യാടൻ മുഹമ്മദ് അനുസ്മരണത്തോടനുബന്ധിച്ച് മികച്ച നിയമസഭ സാമാജികന് ആര്യാടൻ മുഹമ്മദിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ.
പകരക്കാരനില്ലാത്ത നേതാവായിരുന്നു ആര്യാടൻ. നിയമസഭയിൽ തന്റെ യഥാർഥ ഗുരുനാഥനായിരുന്നു. മറ്റുള്ള സമാജികർക്ക് അറിവ് പകർന്നുകൊടുക്കാൻ അദ്ദേഹം മടി കാണിച്ചില്ല. എന്തു വിലകൊടുത്തും കോൺഗ്രസിന്റെ മതേതര ആശയം സംരക്ഷിക്കാൻ ഉറച്ച നിലപാടുള്ള നേതാവായിരുന്നു അദ്ദേഹമെന്നും വേണുഗോപാൽ പറഞ്ഞു. നിയമസഭയിൽ തന്റെയും ഗുരുനാഥനായിരുന്നു ആര്യാടനെന്ന് അവാർഡ് സ്വീകരിച്ച് വി.ഡി. സതീശൻ പറഞ്ഞു. എല്ലാ കാര്യത്തിലും കൃത്യമായ രാഷ്ട്രീയമുള്ള നേതാവായിരുന്നു അദ്ദേഹമെന്ന് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് അധ്യക്ഷത വഹിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി, ആര്യാടൻ ഷൗക്കത്ത്, പി.എ. സലീം, ആലിപ്പറ്റ ജമീല എന്നിവർ സംസാരിച്ചു. അസീസ് ചീരാൻതൊടി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.