കോഴിക്കോട്: നഗരം കാത്തിരിക്കുന്ന, കനോലി കനാലിന് ചുറ്റും കനാൽ സിറ്റി പണിയാനുള്ള പദ്ധതിയുടെ പ്രവർത്തനം തുടരുമ്പോഴും കനാലിലും പരിസരത്തും മാലിന്യം തള്ളുന്ന നടപടി തുടരുന്നു. പായലും ചളിയും നീക്കിയതിനാൽ കനാലിൽ ഒഴുക്കുള്ളതിനാലും കളിപ്പൊയ്കയിൽ ബോട്ട് സർവിസ് ഉള്ളതിനാലും പഴയപടി വൻ തോതിൽ മാലിന്യം കെട്ടിക്കിടക്കുന്നില്ലെങ്കിലും വാഹനങ്ങളിലും മറ്റുമെത്തി മാലിന്യ ചാക്കുകൾ കൊണ്ടിടുന്നത് നഗരത്തിനുതന്നെ നാണക്കേടാവുന്നു. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിനെതിരെ ബോധവത്കരണം എത്ര നടത്തിയാലും ഫലമില്ലെന്ന അവസ്ഥയാണ്. നേരത്തേ കനോലി കനാലിനെ വിവിധ സെക്ടറുകളായി തിരിച്ച് ഓരോ പ്രദേശത്തും പ്രാദേശിക കമ്മിറ്റികളെ നിരീക്ഷണത്തിനും മാലിന്യം എടുത്തുമാറ്റാനും നിയോഗിച്ചിരുന്നു.
മാലിന്യം ഏറക്കുറെ കുറഞ്ഞതോടെ ആ സംവിധാനം ഇല്ലാതായി. കനാലും പരിസരവും വിദേശ രാജ്യങ്ങളുടെ മാതൃകയിൽ വികസിപ്പിക്കാനുള്ള കനാൽ സിറ്റി പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആർ) ജനുവരിയിൽ തയാറാവുമെന്ന് അധികൃതർ അറിയിച്ചു. കനാലിന് കുറുകെ ഇപ്പോഴുള്ള പാലങ്ങളും മതിലുകളുമെല്ലാം പദ്ധതിയിൽ പുതുക്കിപ്പണിയും. വീതികൂടിയ സരോവരം ഭാഗത്തെ മാത്രം പണി തുടങ്ങാൻ നേരത്തെ ആലോചിച്ചിരുന്നെങ്കിലും ഇപ്പോൾ അത് വേണ്ടെന്നുവെച്ചു. കനാലിന് ചുറ്റും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തിരുന്നു. ഇക്കാരണത്താലാണ് പദ്ധതിരേഖ നേരത്തേയുണ്ടാക്കിയ പദ്ധതിയിൽനിന്ന് പുതുക്കിത്തയാറാക്കാൻ നിർദേശമുയർന്നത്. കരട് ഡി.പി.ആർ നേരത്തെ സർക്കാറിന് സമർപ്പിച്ചെങ്കിലും പുതുക്കി സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. കേരള വാട്ടർവെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന്റെ (ക്വിൽ) നേതൃത്വത്തിൽ കനാൽ നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
1,118 കോടിയുടെ പദ്ധതിയുടെ ഡി.പി.ആർ, ലീ അസോസിയേറ്റ്സ് സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡാണ് തയാറാക്കുന്നത്. കനാലിന് ചുറ്റുമുള്ള പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റുകയാണ് ലക്ഷ്യം. കനാലിന് ചുറ്റുമുള്ള വീട്ടുകാരടക്കം നിരവധി പേർക്ക് ആശങ്കയുണ്ട്. സ്വകാര്യഭൂമി ഉപയോഗിക്കുന്നത് കഴിയുന്നിടത്തോളം ഒഴിവാക്കിയാണ് ഡി.പി.ആർ തയാറാക്കിയതെങ്കിലും പരാതിയുയർന്നിരുന്നു.
ഗതാഗതസൗകര്യം, ജനജീവിതം തുടങ്ങിയവയെല്ലാം പഠിച്ച ശേഷമായിരുന്നു റിപ്പോർട്ട് തയാറാക്കിയത്. എങ്കിലും റിപ്പോർട്ടിൽ കാണിച്ചത്ര ഭൂമി മതിയോ എന്നും മാറ്റങ്ങൾ വേണമെന്നും വാദമുയർന്നു. ഇതിനെ തുടർന്നാണ് ഡി.പി.ആർ വീണ്ടും മാറ്റാൻ തീരുമാനിച്ചത്. ഡി.പി.ആർ മൊത്തം അംഗീകരിച്ച ശേഷമേ നിർമാണം തുടങ്ങുകയുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.