കൊല്ലം: കെ.എസ്.എഫ്.ഇയുടെ വിവിധ പദ്ധതികളിൽ പിൻവാതിൽ കൺസൾട്ടൻറ് നിയമനം. നിലവിലെ ഐ.ടി കൺസൾട്ടൻറിനെ ഡി.ജി.എം ആയി നിയമിക്കാനുള്ള നീക്കത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. പ്രവാസിചിട്ടിയിൽ കെ.ബി. ശ്യാം, ഐ.ടി കൺസൾട്ടൻറായി ഗിരീഷ് ബാബു എന്നിവരെ പിൻവാതിലിലൂടെ നിയമിെച്ചന്നാണ് ആരോപണം.
കെ.എസ്.എഫ്.ഇയിൽ നിലവിലുള്ള കാസ്ബ സോഫ്റ്റ് വെയറിന് സെക്യൂരിറ്റി ഓഡിറ്റ് നടത്താൻ ചുമതലപ്പെടുത്തിയ ‘നിബോധ’ എന്ന സ്ഥാപനത്തിെൻറ ഡയറക്ടറാണ് ഗിരീഷ് ബാബു. നിബോധക്ക് ഐ.ടി മേഖലയിൽ മുൻപരിചയമില്ലാഞ്ഞിട്ടും കെ.എസ്.എഫ്.ഇ ടെൻഡർ വിളിക്കാതെ സി-ഡിറ്റുമായി 34.72 ലക്ഷം രൂപയുടെ ഐ.ടി ഓഡിറ്റ് കരാറിൽ ഏർപ്പെടുകയായിരുന്നു.
മുൻ ഐ.ടി സെക്രട്ടറി എം. ശിവശങ്കറുമായി അടുത്ത ബന്ധം പുലർത്തുന്ന കെ.എസ്.എഫ്.ഇ ഡയറക്ടർ ബോർഡ് അംഗവും സി-ഡിറ്റ് ജോയൻറ് ഡയറക്ടറുമായ ഡോ.പി.വി. ഉണ്ണികൃഷ്ണനാണ് ഇൗ നിയമനത്തിന് ചുക്കാൻപിടിച്ചതത്രെ. കരാർ നടത്തിയെടുക്കാൻ 2017 ഒക്ടോബർ 26ന് ഉണ്ണികൃഷ്ണൻ അയച്ച മെയിൽ സന്ദേശം പ്രതിപക്ഷ സംഘടനകൾ ഉയർത്തിക്കാട്ടുന്നു.
2017 നവംബർ 13 നാണ് കെ.എസ്.എഫ്.ഇയും സി-ഡിറ്റും തമ്മിൽ ഓഡിറ്റ് കരാറിൽ ഒപ്പിട്ടത്. 10 ലക്ഷം രൂപയിൽ താഴെ ചെലവാകുന്ന പ്രക്രിയക്കാണ് 34.72 ലക്ഷം രൂപയുടെ കരാർ ഉണ്ടാക്കിയത്. ഐ.ടി ഓഡിറ്റ് പൂർത്തിയാക്കിയതിനുശേഷമാണ് ഗിരീഷ് ബാബുവിനെ കെ.എസ്.എഫ്.ഇയിലെ ഐ.ടി കൺസൾട്ടൻറായി നിയമിച്ചത്. പ്രതിമാസം 1.8 ലക്ഷം രൂപ ശമ്പളത്തിലായിരുന്നു നിയമനം.
പ്രവാസി ചിട്ടി കൺസൾട്ടൻറായി പ്രവർത്തിക്കുന്ന കെ.ബി. ശ്യാമിെൻറ ഉടമസ്ഥതയിലുള്ള സി.എൻ.സി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പ്രവാസിചിട്ടിയുടെ സെർവർ മാനേജ്മെൻറ് നടത്തുന്നത്. കിഫ്ബിക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകാൻ ചുമതലപ്പെടുത്തിയ കെ.എസ്.ഐ.ഇ വിദഗ്ധരിൽ ഒരാളാണ് ശ്യാം എന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടി.
കെ.എസ്.എഫ്.ഇയും കിഫ്ബിയും ചേർന്ന് 25 കോടി രൂപയിലധികം പ്രവാസി ചിട്ടിക്കായി ചെലവഴിച്ചിട്ടുണ്ട്. ചിട്ടി വരിക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾെപ്പടെ സൂക്ഷിക്കുന്ന സർവർ മാനേജ് ചെയ്യുന്നതിനുള്ള അധികാരം നോൺ ഡിസ്ക്ലോഷർ എഗ്രിമെൻറ് പോലും വാങ്ങാതെ ഒരു സ്ഥാപനത്തിന് നൽകിയത് ആശങ്കാജനകമാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. സി-ഡിറ്റിനെ മറയാക്കി കെ.എസ്.എഫ്.ഇയിൽ നടന്ന പിൻവാതിൽ നിയമനങ്ങളും അന്വേഷിക്കണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.