തിരുവന്തപുരം: സാധന വില സര്‍വനിയന്ത്രണവുംവിട്ട് കുതിച്ചുയര്‍ന്നിട്ടും സര്‍ക്കാര്‍ പതിവ് പോലെ ഗാഢനിദ്രയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അരിയ്ക്കും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും പിന്നാലെ പച്ചക്കറികള്‍ക്കും തൊട്ടാല്‍ പൊള്ളുന്ന വിലയാണിപ്പോള്‍. നോക്കിയിരിക്കെയാണ് പച്ചക്കറി വില ഉയരുന്നത്.
കഴിഞ്ഞ മാസം 20 രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് 120 രൂപയാണ് ഇപ്പോഴത്തെ വില. പച്ചമുളക്, വെണ്ടയ്ക്ക, വെള്ളരിക്ക, പയറ് തുടങ്ങി എല്ലാ പച്ചക്കറികള്‍ക്കും ദിനം പ്രതി വില കുതിച്ചുയരുകയാണ്. ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് 165 രൂപയോളമെത്തിയിട്ട് ഇപ്പോള്‍ കുറച്ച് കുറഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോഴും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയല്ല. എല്ലാ ഇനം പഴങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നിട്ടുണ്ട്.
ഇടക്ക് അരിവില അൽപം കുറഞ്ഞെങ്കിലും ഇപ്പോള്‍ വില വീണ്ടും കുതിച്ചുയരുകയാണ്. കിലോക്ക് 55 രൂപവരെയായിട്ടുണ്ട് അരിവില. റേഷന്‍വിതരണവും അവതാളത്തിലാണ്. അരിക്ക് സംസ്ഥാനത്ത് ക്ഷാമവും അനുഭവപ്പെടുന്നു. പരിപ്പ്, ചെറുപയര്‍ തുടങ്ങി മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ദ്ധിച്ചു. കൂനിന്മേല്‍ കുരുവെന്നത് പോലെ ജി.എസ്.ടി പരിഷ്‌ക്കാരം സൃഷ്ടിച്ച ആശയക്കുഴപ്പം കൂടിയായപ്പോള്‍ വില കുതിച്ചുയരുകയാണ്.
സാധന വില മാനം മുട്ടെ കുതിച്ചുയര്‍ന്നിട്ടും മാര്‍ക്കറ്റിലിടപ്പെടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പൊതു വിപണിയെക്കാള്‍ പച്ചക്കറി വില കുറഞ്ഞിരിക്കേണ്ട ഹോര്‍ട്ടി കോര്‍പ്പിലാകട്ടെ പലതിനും വില കൂടുതലുമാണ്. കര്‍ക്കിടകമായതോടെ ആളുകള്‍ കൂടുതലും പച്ചക്കറിയെ ആശ്രയിക്കുന്ന ഘട്ടമാണ്. ഇപ്പോഴാണ് വില കയറുന്നത്. അടിയന്തിരമായി മാര്‍ക്കറ്റിലിടപ്പെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.