തിരുവനന്തപുരം: കുടിവെള്ള വിതരണം മുന്നറിയിപ്പില്ലാതെ തടസ്സപ്പെടുന്നതടക്കം ജല അതോറിറ്റി നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പുതിയ സംവിധാനം പ്രാബല്യത്തിൽ. പരാതികൾ ഒഴിവാക്കി ജലവിതരണമേഖല കാര്യക്ഷമമാക്കാനും വൈദ്യുതി ഉപയോഗം പരമാവധി കുറക്കുന്നതടക്കമുള്ള ഇടപെടലുകളും ലക്ഷ്യമിട്ട് സർക്കിൾ തലത്തിൽ ഇലക്ട്രോ മെക്കാനിക്കൽ വിങ് രൂപവത്കരിച്ച് ഉത്തരവിറങ്ങി. 80ഓളം ഉദ്യോഗസ്ഥരെയാണ് വിവിധ സർക്കിളുകളിലായി ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്.
‘എനർജി മാനേജ്മെന്റ്’ സംവിധാനം ഇലക്ട്രോ മെക്കാനിക്കൽ വിങ് രൂപവത്കരണത്തോടെ കൂടുതൽ കാര്യക്ഷമമാക്കാനാവുമെന്നാണ് വിലയിരുത്തൽ. 25 എം.എൽ.ഡിക്ക് മുകളിൽ ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റുകൾ മാസത്തിലൊരിക്കൽ ഇവർ പരിശോധിക്കും. മറ്റുള്ളവ മൂന്നു മാസത്തിലൊരിക്കലെങ്കിലും പരിശോധിച്ച് പ്രവർത്തനം സുഗമവും കാര്യക്ഷമവുമാണെന്ന് വിലയിരുത്തണം.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമായ പ്രവർത്തന രീതികളുണ്ടെങ്കിൽ പരിഹരിക്കാൻ ഇടപെടൽ നടത്തണം. പദ്ധതിയുടെ ശേഷി, വൈദ്യുതി ഉപയോഗം, അമിത വൈദ്യുതി ഉപയോഗിക്കപ്പെടുന്ന സാഹചര്യമുണ്ടോ തുടങ്ങിയവയും പരിശോധിക്കണം. അമിത വൈദ്യുതി ഉപയോഗമുള്ളതായി ബോധ്യപ്പെട്ടാൽ സൂപ്രണ്ടിങ് എൻജിനീയർക്ക് റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്. അപാകത പരിഹരിക്കാനുള്ള നിർദേശവും സമർപ്പിക്കണം.
ഇലക്ട്രോ-മെക്കാനിക്കൽ തകരാറുണ്ടാവുന്ന ഘട്ടങ്ങളിൽ ബന്ധപ്പെട്ട എൻജിനീയർക്ക് ഇലക്ട്രോ-മെക്കാനിക്കൽ ടീമിന്റെ സഹായം തേടാം. പമ്പ് ഹൗസ് നിർമാണം, ഉപകരണങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവയുടെ ലേഔട്ട് പരിശോധനയടക്കമുള്ള ചുമതലകളും പുതിയ വിഭാഗത്തിനുണ്ട്. ജലവിതരണ പദ്ധതികളിൽ ആകസ്മികമായുണ്ടാവുന്ന തകരാറുകളും അതുമൂലം കുടിവെള്ളം മുട്ടുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ യഥാസമയം അറ്റകുറ്റപ്പണികൾക്കുള്ള ക്രമീകരണം തയാറാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഓപറേഷൻസ് വിഭാഗം എക്സിക്യുട്ടിവ് എൻജിനീയർക്കായിരിക്കും മേൽനോട്ട ചുമതല. രണ്ടുമാസത്തിലൊരിക്കൽ ഇദ്ദേഹത്തിന് പ്രവർത്തന റിപ്പോർട്ട് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.