പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഹാരിസൺസിൽനിന്ന് സി.പി.എം കൈപ്പറ്റിയത് 18 ലക്ഷം രൂപ. തെരഞ്ഞെടുപ്പ് കമീഷന്റെ വെബ് സൈറ്റിലാണ് ഈ വിവരമുള്ളത്. കോൺഗ്രസ് പാർട്ടി 12 ലക്ഷം രൂപയും സി.പി.ഐ അഞ്ച് ലക്ഷം രൂപയും ലോക് താന്ത്രിക് ജനതാദൾ (ശ്രേയാംസ് കുമാർ) രണ്ട് ലക്ഷം രൂപയും സ്വീകരിച്ചു. നാല് പാർട്ടികളും ന്യൂഡൽഹി ആസ്ഥാനമായ ജാൻപ്രഗതി ഇലക്ടറൽ ട്രസ്റ്റിൽ നിന്നാണ് പണം കൈപ്പറ്റിയത്. ജാൻപ്രഗതി ഇലക്ടറൽ ട്രസ്റ്റ് ഇലക്ഷൻ കമീഷന് സമർപ്പിച്ച വാർഷിക സ്റ്റേറ്റ്മെൻറ് കമീഷൻ കഴിഞ്ഞ ദിവസം അവരുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തതോടെയാണ് വിവരം പുറത്തുവന്നത്. പാർട്ടികൾക്ക് നൽകുന്നതിനുള്ള തുക ജാൻപ്രഗതി ഇലക്ടറൽ ട്രസ്റ്റ് സംഭാവനയായി സ്വീകരിച്ചിരിക്കുന്നത് ഹാരിസൺസ് മലയാളം ലിമിറ്റഡ് എന്ന കമ്പനിയിൽനിന്ന് മാത്രമാണ്. 39 ലക്ഷം രൂപ ഹാരിസൺസ് ജാൻപ്രഗതി ഇലക്ടറൽ ട്രസ്റ്റിന് നൽകിയിട്ടുണ്ട്.
ഇതിൽ 37 ലക്ഷം രൂപ നാല് പാർട്ടികൾക്കായി നൽകിയതായാണ് ട്രസ്റ്റ് തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച കണക്കിൽ കാണിച്ചിരിക്കുന്നത്. 2021 മാർച്ച് 26നാണ് ട്രസ്റ്റിന് ഹാരിസൺസിൽനിന്ന് തുക ലഭിച്ചത്. മാർച്ച് 27ന് തന്നെ തുക രേഖപ്പെടുത്തിയ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുംബൈ വെർളി ശാഖയുടെ ചെക്ക് പാർട്ടികൾക്ക് കൈമാറിയതായും രേഖപ്പെടുത്തിയിരിക്കുന്നു. അതേസമയം ടാറ്റയുമായി ബന്ധമുള്ള പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റ് 2020 - 2021ൽ ഒരു രാഷ്ട്രീയ പാർട്ടിക്കും സംഭാവന നൽകിയിട്ടില്ലെന്ന് അവർ ഇലക്ഷൻ കമീഷന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് നടന്ന 2018 - 19 സാമ്പത്തിക വർഷം പ്രോഗ്രസിവ് ഇലക്ടറൽ ട്രസ്റ്റ് 472 കോടി രൂപ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയിരുന്നു. ഇതിൽ 356 കോടി രൂപയും ബി.ജെ.പിക്കായിരുന്നു. അതേസമയം രാജസ്ഥാൻ ആസ്ഥാനമായ സ്മാൾ ഡൊണേഷൻ ഇലക്ടറൽ ട്രസ്റ്റ് 3.31 കോടി രൂപ കോൺഗ്രസിന് സംഭാവനയായി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.