വിവാദങ്ങൾ വാരിക്കോരി നൽകി സി.പി.എം



തിരുവനന്തപുരം: ഭരണത്തുടർച്ചയിൽ സി.പി.എം വാരിക്കോരി നൽകുന്ന രാഷ്ട്രീയ ആയുധങ്ങൾക്കുമുന്നിൽ അന്ധാളിക്കുകയാണ് പ്രതിപക്ഷവും രാഷ്ട്രീയ എതിരാളികളും. രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് തകർക്കൽ, എ.കെ.ജി സെന്‍ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞതിലെ ഇരുട്ടിൽതപ്പൽ, ഒടുവിൽ മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനയെ അവഹേളിക്കൽ വിവാദവും. അച്ചടക്കവും പിഴക്കാത്ത വാക്കുകളും കൈമുതലാക്കിയിരുന്ന പാർട്ടിയുടെ ഇന്നത്തെ പിഴവുകളിൽ അണികൾ അസ്വസ്ഥരാണ്. സി.പി.ഐ ഉൾപ്പെടെ ഘടകകക്ഷികൾക്കും സർക്കാറിന്‍റെ പ്രതിച്ഛായാ നഷ്ടത്തിൽ അതൃപ്തിയുണ്ട്.

സ്വർണക്കടത്ത് പ്രതി മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണത്തിൽ പ്രതിപക്ഷം ഉറഞ്ഞുതുള്ളുന്നതിനിടെയാണ് മന്ത്രിമാരും നേതാക്കളും സ്വയം വിവാദമായി അവതരിക്കുന്നത്.

ഭരണഘടന അവഹേളന വിഷയത്തിൽ മന്ത്രിയെക്കൊണ്ട് ഖേദം പ്രകടിപ്പിച്ച് തൽക്കാലം തടികഴിച്ചിലാക്കിയാണ് ഭരണപക്ഷം ചൊവ്വാഴ്ച നിയമസഭ വിട്ടത്. മന്ത്രിയുടെ ഖേദപ്രകടനം ബഹിഷ്കരിച്ച പ്രതിപക്ഷം ബുധനാഴ്ച സഭ സ്തംഭിപ്പിച്ചേക്കും. മന്ത്രിയുടെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ആവശ്യമെങ്കിൽ നിയമവഴി തേടാനും തീരുമാനമുണ്ട്.

സർക്കാറിന്‍റെ തലവൻ എന്നനിലയിൽ മുഖ്യമന്ത്രി നടപടി സ്വീകരിക്കുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രസ്താവന പ്രതിപക്ഷത്തിന് ബലവും ഭരണപക്ഷത്തിന് താക്കീതുമാണ്. സഭയിൽ മുഖ്യമന്ത്രിയിലാവും സജി ചെറിയാന്റെ പ്രതീക്ഷ. ഭരണഘടനയെ അവഹേളിച്ചെന്ന ആരോപണത്തിൽനിന്ന് സഹപ്രവർത്തകനെ കേടില്ലാതെ രക്ഷിച്ചെടുക്കുക എന്ന ഭഗീരഥ പ്രയത്നമാണ് മുഖ്യമന്ത്രിക്കുമുന്നിൽ. വിഷയത്തിൽ ചൊവ്വാഴ്ച എ.കെ.ജി സെന്‍റർ വരെ നടുങ്ങി. പി.ബി അംഗങ്ങൾ സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടു.

മുഖ്യമന്ത്രിയും സംസ്ഥാന നേതൃത്വവും സജിയിൽനിന്ന് വിശദീകരണം തേടി. പിന്നീടാണ് കേന്ദ്ര നേതൃത്വത്തിന്‍റെകൂടി അഭിപ്രായപ്രകാരം മന്ത്രിയെക്കൊണ്ട് മുള്ള് എടുപ്പിച്ചത്. ഭരണഘടന വിമർശനാതീതമല്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന പിടിവള്ളിയുണ്ടെങ്കിലും തൽക്കാലം പരിക്കേൽക്കാതെ രക്ഷപ്പെടുക എന്നതിനാണ് മുൻതൂക്കം. ഭരണഘടനയുടെ വർഗസ്വഭാവത്തെയാണ് മന്ത്രി വിമർശിച്ചതെന്ന അഭിപ്രായം ചില നേതാക്കൾക്കുണ്ട്.

മന്ത്രിക്കെതിരെ പത്തനംതിട്ട ഡി.സി.സി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോടതിയിലെത്തിയാൽ കടുത്തവിമർശനമുണ്ടായേക്കുമെന്ന ആശങ്കയുമുണ്ട്.

Tags:    
News Summary - Controversies have been repeated by the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.