തിരുവനന്തപുരം: വൈസ് ചാൻസലർ നിയമന വിവാദത്തിലെ മേൽക്കൈ കളഞ്ഞ് ഡി. ലിറ്റ് വിവാദത്തിൽ കോൺഗ്രസിൽ ഭിന്നത. ഗവർണറുമായുള്ള ഏറ്റുമുട്ടലിലും സർവകലാശാല നിയമന വിവാദത്തിലും പുലിവാല് പിടിച്ച സി.പി.എമ്മിന് കോൺഗ്രസ് തലപ്പത്തെ താൻപ്രമാണിത്ത മത്സരം ആശ്വാസമായി.
കണ്ണൂർ വി.സി നിയമന വിവാദത്തിൽനിന്ന് സർക്കാറിന് തലയൂരാൻ രമേശ് ചെന്നിത്തലയുടെ പ്രസ്താവന സഹായകമാവരുതെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടക്കം മുതലേ സ്വീകരിച്ചത്. ഗവർണറെ കടന്നാക്രമിച്ചതിനൊപ്പം കണ്ണൂർ വി.സി നിയമനത്തിലേക്ക് വിവാദത്തെ തിരിച്ചു വിടാനായിരുന്നു ശ്രമം. ഡി. ലിറ്റ് വിവാദത്തിൽ ബി.ജെ.പിയും ഗവർണറും സർക്കാറും കക്ഷിയാവുന്നതോടെ പ്രതിപക്ഷം പുറത്താവുമെന്ന ആശങ്കയായിരുന്നു ഇതിനു പിന്നിൽ. പക്ഷേ, തന്റെ പങ്ക് ഗവർണർ നിഷേധിക്കാതിരുന്നതോടെ വീണ്ടും ഡി. ലിറ്റിലേക്ക് വിവാദം എത്തി. ഇതോടെയാണ് തന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയുമാണ് പാർട്ടി നിലപാട് എന്ന് സതീശൻ പ്രസ്താവിച്ചതും.
രാഷ്ട്രപതിക്ക് ഡി.ലിറ്റ് നിഷേധിച്ചത് ബി.ജെ.പി രാഷ്ട്രീയമായി ഉന്നയിക്കുന്നത് തടയാനാണു രമേശ് ശ്രമിച്ചതെന്നാണ് അദ്ദേഹേത്താട് അടുപ്പമുളളവരുടെ വാദം. പാർട്ടിയുടെ അവസാനവാക്ക് താനും സുധാകരനും എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയാണ് വിവാദത്തിൽ വഴിത്തിരിവ് ആയതെന്നും അവർക്ക് ആക്ഷേപമുണ്ട്. വിവാദങ്ങൾക്കില്ലെന്ന നിലപാടിലാണ് രമേശ്. ജനുവരി നാലിലെ രാഷ്ട്രീയ കാര്യ സമിതിയാണ് നിർണായകം. കോൺഗ്രസ് തലപ്പത്തെ ഭിന്നതയിൽ ഘടകകക്ഷികളും ആശങ്കയിലാണ്.
ഡി.ലിറ്റ് വിവാദത്തിൽ ഗവർണറുടെ പങ്കാളിത്തം കോൺഗ്രസ് നേതാവിൽനിന്നു പുറത്തുവന്ന ആശ്വാസത്തിലാണ് സി.പി.എം. രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാത്തതാണ് വിവാദത്തിന് അടിസ്ഥാനമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ സ്ഥിരീകരിച്ചതോടെ സി.പി.എം നേതൃത്വത്തിന് കാര്യം എളുപ്പമായി. ഭരണഘടന പദവിക്ക് നിരക്കാത്ത വിധത്തിൽ കേരള സർവകലാശാല വി.സിയോട് നിർദേശം നൽകിയതിന്റെ വരുംവരായ്കയാവും ഇനി സി.പി.എം ആയുധം.
കണ്ണൂർ വി.സി നിയമനത്തിൽ പ്രതിപക്ഷ കടന്നാക്രമണത്തിൽ പ്രതിരോധത്തിലായ സർക്കാറിന് കോൺഗ്രസ് നേതാക്കളുടെ നിലപാടുകളിലെ വൈരുധ്യം രാഷ്ട്രീയ നേട്ടമായി. ഡി. ലിറ്റ് വിഷയത്തിൽ പ്രതിപക്ഷവും ഗവർണർക്കെതിരെ തിരിയാൻ നിർബന്ധിതമായതും സർക്കാറിനു തുണയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.