തിരുവനന്തപുരം: സപ്ലൈകോയിൽ ഉന്നത ഉദ്യോഗസ്ഥ ഉത്താശയോടെ ജീവനക്കാരെ യൂനിയൻ നേതാക്കൾ പണം വാങ്ങി സ്ഥലംമാറ്റുന്നു. സി.പിഐ അനുകൂല സംഘടനയായ സപ്ലൈകോ എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന നേതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന പണപ്പിരിവിനെതിരെ സപ്ലൈകോ വിജിലൻസിനും സപ്ലൈകോ മാനേജിങ് ഡയറക്ടർക്കും പരാതി ലഭിച്ചു.
പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. പണം നൽകിയതുമായി ബന്ധപ്പെട്ട തെളിവുകൾ 'മാധ്യമ'ത്തിന് ലഭിച്ചു.ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ് ഗ്രേഡ് ഫസ്റ്റ്, സീനിയർ അസിസ്റ്റന്റ് ഗ്രേഡ് സെക്കന്‍ഡ് തസ്തികകളിൽ പ്രതിവർഷം നടക്കുന്ന സ്ഥാനക്കയറ്റ-സ്ഥലംമാറ്റങ്ങളിലാണ് അഴിമതി. പ്രമോഷൻ ട്രാൻസ്ഫർ നൽകി വിവിധ ജില്ലകളിലേക്ക് മാറ്റുന്ന ജീവനക്കാരെ രണ്ടാഴ്ചക്കുശേഷം വീടിന് സമീപത്തെ ഔട്ട്ലെറ്റുകളിലേക്കും ഡിപ്പോകളിലേക്കും കൊണ്ടുവരുന്നതിന് 25,000 മുതൽ 30,000 രൂപ വരെ നേതാക്കൾ കൈക്കൂലിയായി വാങ്ങി. രസീത് നൽകാതെ 'സി.പി.ഐ പാർട്ടി ഫണ്ടെന്ന' പേരിൽ നടത്തുന്ന ഇത്തരം പിരിവുകൾ ജീവനക്കാർ നേരേത്ത ചോദ്യം ചെയ്തിരുന്നില്ല. പണം നൽകാത്തതിന്റെ പേരിൽ അസോസിയേഷൻ പ്രവർത്തകരെപ്പോലും നേതാവ് ഇടപെട്ട് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും കോട്ടയത്തേക്കും സ്ഥലം മാറ്റിയതോടെയാണ് അഴിമതി വിവരങ്ങൾ ഒരു വിഭാഗം വിജിലൻസ് മുമ്പാകെ ഹാജരാക്കിയത്.താൽക്കാലിക ജീവനക്കാരെ നിയമിച്ചതിലും നേതാക്കൾ പണം വാങ്ങിയെന്ന് പരാതി ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മാത്രം ഓരോ നിയമനത്തിനും 25000 രൂപ വീതം യൂനിയൻ വാങ്ങിയതായാണ് പരാതി. വലിയതുറ സൈപ്ലകോ ഗോഡൗണിലെ മൂന്നര ലക്ഷം രൂപയുടെ ഹോർലിക്സ് തിരിമറിയിൽ സസ്പെഷനിലായ ഉദ്യോഗസ്ഥനാണ് നിയമനങ്ങൾക്ക് ചരടുവലിച്ചത്. ഇദ്ദേഹത്തെ കൊല്ലം ജില്ലയിലേക്ക് സ്ഥലംമാറ്റിയെങ്കിലും സി.പി.ഐ ഉന്നതൻ ഇടപെട്ട് വീണ്ടും തിരുവനന്തപുരത്ത് എത്തിച്ചു. അഴിമതിയിൽ സസ്പെഷനിലായ എ.ഐ.ടി.യു.സി നേതാവ് നാലുവർഷമായി തലസ്ഥാനത്തെ പ്രധാന ഔട്ട്ലെറ്റിലെ സുപ്രധാന തസ്തികയിലാണ്. സസ്പെന്‍ഷനിലാകുമ്പോൾ ജൂനിയർ അസിസ്റ്റന്റായിരുന്ന ഇദ്ദേഹത്തിന് നാലുവർഷത്തിനിടെ രണ്ട് പ്രമോഷനും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.