ഹരിപ്പാട്: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാർത്ത്യായനിയമ്മ അന്തരിച്ചു. 101 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഹരിപ്പാടിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു.
2017ൽ സാക്ഷരത മിഷൻ നടത്തിയ ‘അക്ഷരലക്ഷം’ പരീക്ഷ ഒന്നാം റാങ്കിൽ കാർത്ത്യായനിയമ്മ പാസായിരുന്നു. 40440 പേർ എഴുതിയ പരീക്ഷയിൽ 100ൽ 98 മാർക്ക് വാങ്ങിയാണ് കാർത്ത്യായനിയമ്മ ജേതാവായത്. 96-ാം വയസിലായിരുന്നു കാർത്ത്യായനിയമ്മ ഈ അപൂർ നേട്ടം കൈവരിച്ചത്. വീടിനടുത്തുള്ള കണിച്ചനെല്ലൂര്‍ എല്‍.പി.സ്‌കൂളിൽ കാർത്ത്യായനിയമ്മ പരീക്ഷ എഴുതുന്നതിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അക്ഷര ലക്ഷം സാക്ഷരത പരീക്ഷയിൽ ഒന്നാം റാങ്കോടെ വിജയിച്ച കാർത്ത്യായനിയമ്മയെ 2018ലെ നാരീശക്തി പുരസ്‌കാരം തേടിയെത്തി. രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നത് രാജ്യാന്തര മാധ്യമങ്ങൾ അന്ന് വാർത്തയാക്കിയിരുന്നു.
പരിപൂർണ സാക്ഷരത എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതമിഷൻ ആവിഷ്കരിച്ചതാണ് ‘അക്ഷരലക്ഷം’ പദ്ധതി. എഴുത്തും വായനയും കണക്കും ഉൾപ്പെടുത്തി നടത്തിയായിരുന്നു പരീക്ഷ. അക്ഷരലക്ഷം പരീക്ഷയിൽ വിജയിക്കുന്നവർക്ക് നാലാംതരം തുല്യത കോഴ്സിന് അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.