ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്‍റെ മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി. രഹസ്യമൊഴി എടുക്കുന്നതിനായി അന്വേഷണ സംഘം നല്‍കിയ അപേക്ഷ എറണാകുളം സി.ജെ.എം കോടതി അനുവദിച്ചു. പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണ കോടതി ഈ മാസം 20 വരെയാണ് അന്വേഷണ സംഘത്തിന് സമയം അനുവദിച്ചിട്ടുള്ളത്. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ഉപദ്രവിച്ചതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്നുമടക്കമുള്ള സുപ്രധാന വിവരങ്ങളാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.

പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക. ബാലചന്ദ്രകുമാറിന്‍റെ കൈവശമുള്ള പ്രാഥമിക തെളിവുകള്‍ വിചാരണ കോടതിക്ക് അന്വേഷണ സംഘം കൈമാറിയിട്ടുണ്ട്. ദിലീപിന്‍റെ ഫോൺ റെക്കോഡ് ചെയ്ത ഫോൺ അടക്കം കൈമാറിയ രേഖകളിൽ ഉൾപ്പെടുന്നു. രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം കേസിലെ എട്ടാം പ്രതിയായ ദിലീപ്, കാവ്യ മാധവൻ, സഹോദരന്‍ അനുപ്, സഹോദരി ഭര്‍ത്താവ് സുരജ്, ഒന്നാം പ്രതി പള്‍സര്‍ സുനി എന്നിവരെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ജയിലിലുള്ള പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നതിനായി കോടതിയുടെ അനുമതി തേടും. മറ്റുള്ളവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും.

അതേസമയം കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ചില സുപ്രധാന സാക്ഷികളെ വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നും കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടർ നൽകിയ ഹരജിയിൽ പറയുന്നു. പ്രതികളുടെ ഫോൺ രേഖകളുടെ ഒറിജിനൽ പതിപ്പുകൾ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യവും വിചാരണ കോടതി തള്ളിയിരുന്നു. ഇതോടെ സിഡിആർ അടിസ്ഥാനമാക്കിയുള്ള നിർണായക തെളിവുകൾ അപ്രസക്തമായെന്നും ഹരജിയിൽ പറയുന്നുണ്ട്. ഇത് രണ്ടാം തവണയാണ് വിചാരണ കോടതി നടപടികളിൽ അതൃപ്തിയുമായി പ്രോസിക്യൂഷൻ ഹൈകോടതിയെ സമീപിക്കുന്നത്.

Tags:    
News Summary - Court allows recording of Balachandra Kumar's statement against Dileep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.