കൊച്ചി: സുപ്രീംകോടതി നിർദേശപ്രകാരം, എം.പിമാരും എം.എൽ.എമാരും പ്രതികളായ കേസുകളുടെ വിചാരണക്കുള്ള പ്രത്യേക കോടതിയുടെ പ്രവർത്തനം ശനിയാഴ്ച കൊച്ചിയിൽ ആരംഭിക്കും.
ജനപ്രതിനിധികൾ പ്രതിയായതും സെഷൻസ് കോടതിയുടെ പരിധിയിൽ വരാത്തതുമായ കേസുകളാണ് പ്രത്യേക കോടതി പരിഗണിക്കുക. ജില്ല കോടതി സമുച്ചയത്തിലായിരിക്കും ഇൗ കോടതിയുെടയും പ്രവർത്തനം. രാവിലെ 10ന് ഉദ്ഘാടനം നടക്കും.
എം.പിമാരും എം.എൽ.എമാരും ഉൾപ്പെട്ട ക്രിമിനൽ കേസ് കൈകാര്യം ചെയ്യാൻ സംസ്ഥാനങ്ങളിൽ പ്രത്യേക കോടതി വേണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രത്യേക കോടതിയായി പ്രവർത്തിക്കുക.
സെഷൻസ് കോടതിയുടെ അധികാരപരിധിയിൽ വരുന്ന കൊലപാതകം, പീഡനം തുടങ്ങിയ കേസുകളൊഴികെ അന്യായമായി സംഘം ചേരൽ, പൊതുമുതൽ നശീകരണം, അനധികൃതമായി തടവിലാക്കൽ, വിശ്വാസവഞ്ചന, ഒൗദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളുടെ വിചാരണ പ്രത്യേക കോടതിക്കായിരിക്കും.
കേരളത്തിലെ എം.പിമാരും എം.എൽ.എമാരും ഉൾപ്പെട്ട ഇത്തരം 295 കേസുകൾ നിലവിലുണ്ടെന്നാണ് കണക്ക്. ഇപ്പോൾ വിവിധ കോടതികളിലുള്ള ഈ കേസുകളെല്ലാം ഇനി പ്രത്യേക കോടതിയുടെ പരിഗണനക്കെത്തും. വിജിലൻസ് കേസുകൾ പ്രത്യേക കോടതിയുടെ പരിഗണനയിൽ വരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.