തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം തരംഗത്തിൽ രോഗബാധിതരാകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം കുതിച്ചുയരുന്നതും ആരോഗ്യസംവിധാനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 955 പേർക്കാണ് രോഗം പിടിപെട്ടത്. പ്രതിദിനം ശരാശരി 110 പേർ രോഗബാധിതരാകുന്നു. രോഗികളുടെ എണ്ണം കൂടുന്നതോടെ ആശുപത്രികൾ നിറയുന്നതിന് പിന്നാലെയാണ് ആരോഗ്യപ്രവർത്തകരിലെ രോഗബാധയും വെല്ലുവിളി ഉയർത്തുന്നത്.
ഏപ്രിൽ 14ന് സംസ്ഥാനത്ത് 20 പേർക്കാണ് വൈറസ് ബാധയുണ്ടായതെങ്കിൽ മേയ് ഒമ്പതിന് ഇത് 115 ആയി ഉയർന്നു. ഡോക്ടർമാരും നഴ്സുമാരും ക്വാറൻറീനിലാകുന്നത് മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് രോഗബാധിതരാകുന്നതിൽ കൂടുതലും നഴ്സുമാരാണ്.
ലക്ഷണങ്ങളില്ലാതെയാണ് ആേരാഗ്യപ്രവർത്തകരിലെ രോഗവ്യാപനം. പൊതു പരിശോധനകളുടെ ഭാഗമായാണ് പലരും തിരിച്ചറിയുന്നതും. മറ്റുള്ളവരെ അപേക്ഷിച്ച് ആരോഗ്യപ്രവർത്തകരിലെ ലക്ഷണമില്ലാത്ത രോഗാവസ്ഥ അപകടകരമായ സാഹചര്യമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. രോഗബാധ അറിയാതെയുള്ള രോഗീപരിചരണം വൈറസ് വ്യാപനത്തിനിടയാക്കുമെന്നതിനാൽ വിശേഷിച്ചും. ആരോഗ്യപ്രവർത്തകർക്ക് ആവശ്യം വന്നാൽ മെഡിക്കൽ കോളജുകളിൽ െഎ.സി.യു ഉൾപ്പെടെ പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്ന് ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ സംസ്ഥാനത്ത് പി.പി.ഇ കിറ്റ്, മാസ്ക്, ഗ്ലൗസ് തുടങ്ങിയ ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ സാമഗ്രികൾക്ക് ക്ഷാമവും രൂക്ഷമാണ്. തിരുവനന്തപുരം ജില്ലയിൽ മാത്രം മെഡിക്കൽ കോളജും ജനറൽ ആശുപത്രിയുമൊഴികെയുള്ള മറ്റ് ആശുപത്രികൾക്കായി ഒരു ദിവസം 1200 പി.പി.ഇ കിറ്റ് ആണ് വേണ്ടത്. 2000 എൻ-95 മാസ്ക്, 8000 സർജിക്കൽ മാസ്ക്, 3500 ഗ്ലൗസ്, 600 ബോട്ടിൽ സാനിറ്റൈസർ തുടങ്ങിയവും വേണം.
എന്നാൽ, ആവശ്യകതക്കനുസരിച്ച് ലഭിക്കുന്നില്ലെന്നാണ് പരാതി. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെയും ആവശ്യകത വർധിച്ചിട്ടുണ്ട്.
കേരള മെഡിക്കൽ സർവിസ് കോർപറേഷൻ വെബ് സൈറ്റിലെ കണക്കനുസരിച്ച് 1.82 ലക്ഷം പി.പി.ഇ കിറ്റുകളും 3.32 ലക്ഷം എൻ- 95 മാസ്ക്കും 11.5 ലക്ഷം സർജിക്കൽ മാസ്ക്കും സ്റ്റോക്കുണ്ട്. പ്രതിസന്ധി കണക്കിലെടുത്ത് കുടുതൽ സുരക്ഷാ വസ്തുക്കൾ വാങ്ങാൻ സർക്കാർ 300 കോടി രൂപ അനുവദിച്ചെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.