കോവിഡ് കണക്ക്: ആരോപണം രാഷ്ട്രീയ പ്രേരിതം -കേന്ദ്രത്തിനെതിരെ വീണ ജോർജ്

കോവിഡ് കണക്കുകളിലെ കേന്ദ്ര വിമർശനത്തിനു പിന്നിൽ രാഷ്ട്രീയമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കോവിഡ് സംബന്ധിച്ച കൃത്യമായ കണക്കുകൾ നൽകുന്ന സംസ്ഥാനമാണ് കേരളമെന്നും വീണ ജോർജ് അവകാശപ്പെട്ടു. ദിവസവും കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കാത്തതിൽ കേന്ദ്ര ആരോഗ്യമ​​ന്ത്രാലയം കേരള​ത്തെ വിമർശിച്ചിരുന്നു. കേരളം കൃത്യമായി കണക്കുകൾ പുറത്തുവിടാത്തത് രാജ്യത്തെ ആകെ കോവിഡ് കണക്കുകളെ ബാധിച്ചതായും ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് മരണങ്ങൾ ദിവസവും കൃത്യമായി റിപ്പോർട്ടു ചെയ്യണമെന്നും മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്ന സംവിധാനം സംസ്ഥാനം അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയക്കുകയും ചെയ്തു. മാസങ്ങൾക്കു മുൻപ് ഇതേവിഷയത്തിൽ അയച്ച കത്തിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണു വീണ്ടും കത്തയച്ചത്.

കേരളം കോവിഡ് മരണങ്ങൾ വൈകി റിപ്പോർ‍ട്ടു ചെയ്യുന്നതു രാജ്യത്തു മരണങ്ങൾ വല്ലാതെ കൂടുന്നുവെന്ന തെറ്റായ ചിത്രം ഉണ്ടാക്കുന്നുവെന്നു കത്തിൽ പറയുന്നു. മരണങ്ങൾ റിപ്പോർട്ടു ചെയ്യാൻ കേരളം കാലതാമസമെടുക്കുന്നതും നിശ്ചിത കാലയളവിൽ കോവിഡായി സ്ഥിരീകരിക്കുന്ന മരണങ്ങളെല്ലാം ഒരു ദിവസം ഒറ്റയടിക്ക് റിപ്പോർട്ടു ചെയ്യുന്നതും രാജ്യത്തിനു നാണക്കേടാകുന്നു എന്നാണ് കത്തിന്റെ രത്നച്ചുരുക്കം.

ജൂലൈ മാസത്തിൽ രാജ്യത്ത് റിപ്പോർട്ടു ചെയ്ത 441 കോവിഡ് മരണങ്ങളിൽ 117 എണ്ണം കോവിഡാണെന്ന് മരണദിവസം സ്ഥിരീകരിക്കാതെ പിന്നീട് കേരളം സ്ഥിരീകരിച്ചവയാണ്. കോവിഡ് മരണക്കണക്കുകൾ ദിവസവും കേന്ദ്രത്തെ അറിയിക്കണമെന്ന് കത്തിൽ നിർദേശിക്കുന്നു.കോവിഡ് മരണക്കണക്കുകൾ ദിവസവും കേന്ദ്രത്തെ അറിയിക്കണമെന്ന് കത്തിൽ നിർദേശിക്കുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) മാർഗനിർദേശം അനുസരിച്ച്, രോഗിയുടെ മരണം സംഭവിച്ച് ദിവസങ്ങൾക്കുശേഷം കോവിഡ് മരണമായി സ്ഥിരീകരിക്കുന്ന കേസുകൾ കേന്ദ്രത്തിനു റിപ്പോർട്ടു ചെയ്യുമ്പോൾ മരണം സംഭവിച്ച തീയതി കൃത്യമായി പറഞ്ഞിരിക്കണം.

മരണം സംഭവിച്ച തീയതി വ്യക്തമാക്കാതെ, ദിവസേനയുള്ള കോവിഡ് മരണങ്ങളുടെ കൂടെയാണ് ഇത്തരം മരണങ്ങൾ സംസ്ഥാനം ഇപ്പോൾ റിപ്പോർട്ടു ചെയ്യുന്നത്. അന്നേ ദിവസം സംഭവിച്ച മരണങ്ങളും നേരത്തേ സംഭവിച്ച മരണങ്ങളും വ്യക്തമാക്കാതെ ഒരുമിച്ചു കണക്ക് അയയ്ക്കുന്നത് മരണനിരക്കു രാജ്യത്ത് വളരെ കൂടുന്നുവെന്ന ചിത്രം ഉണ്ടാക്കും. മറ്റു സംസ്ഥാനങ്ങളൊന്നും ഈ പിഴവ് വരുത്തുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ.

സുപ്രീം കോടതിയുടെ മാർച്ച് 24ലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡ് മരണങ്ങളായി പിന്നീട് നിശ്ചയിക്കുന്നവയും പ്രത്യേകമായി കണക്കുകളിൽ ഉൾക്കൊള്ളിക്കണമെന്നു കത്തിൽ പറയുന്നു. കേരളം ഈ നിർദേശവും ഇപ്പോൾ പാലിക്കുന്നില്ല.

Tags:    
News Summary - covid count: Allegation politically motivated -Veena George against Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.