മലപ്പുറം: കോവിഡ് ബാധിച്ച് മരിച്ചവരുടെ സർട്ടിഫിക്കറ്റിന് അപ്പീൽ വഴി അപേക്ഷിച്ചവർക്ക് ലഭിക്കാൻ കാലതാമസമുള്ളതായി പരാതി. അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകണമെന്നായിരുന്നു സർക്കാർ നിർദേശം. അടുത്ത ബന്ധുക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ കോവിഡ് മരണ സർട്ടിഫിക്കറ്റ് ലഭിക്കത്തക്ക വിധമാണ് മാർഗനിർദേശങ്ങൾ തയാറാക്കിയെതന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
ജില്ലകളിലെ സമിതിയാണ് സർട്ടിഫിക്കറ്റ് പരിശോധിച്ച് നൽകേണ്ടത്. അഡീഷനൽ ജില്ല മജിസ്ട്രേറ്റ് (അഡീഷനൽ ജില്ല കലക്ടർ), ജില്ല മെഡിക്കൽ ഓഫിസർ, അഡീഷനൽ ജില്ല മെഡിക്കൽ ഓഫിസർ/ ജില്ല സർവൈലൻസ് മെഡിക്കൽ ഓഫിസർ (കോവിഡ്), ജില്ലയിലെ ഒരു മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം മേധാവി (മെഡിക്കൽ കോളജ് ഇല്ലെങ്കിൽ ഡി.എസ്.ഒ (നോൺ കോവിഡ്), സാംക്രമിക രോഗങ്ങളുടെ തലവനോ പൊതുജനാരോഗ്യ വിദഗ്ധനോ (ലഭ്യമാകുന്നിടത്തെല്ലാം) എന്നിവർ ചേർന്നതാണ് ജില്ല കോവിഡ് മരണ നിർണയ സമിതി. മുമ്പ് കോവിഡ് മരണമാണെന്ന് രജിസ്റ്റർ ചെയ്യാത്തവരും മരിച്ചവരുടെ വിവരം സാങ്കേതിക തകരാർ മൂലം വെബ്സൈറ്റിൽ ഉൾപ്പെടാത്തവരുമാണ് അപ്പീൽ വഴി അപേക്ഷിക്കുന്നത്.
കോവിഡ് മരണ സർട്ടിഫിക്കറ്റിന് അപ്പീൽ അപേക്ഷ സമർപ്പിച്ചാൽ ജില്ല മെഡിക്കൽ ഓഫിസർക്ക് ലഭ്യമാകും. ആ അപേക്ഷ മരണം സംഭവിച്ച സർക്കാർ/സ്വകാര്യ ആശുപത്രിയിലേക്ക് അയക്കും. ഇവിടെനിന്നുള്ള റിപ്പോർട്ട് ജില്ല സമിതി പരിശോധിക്കും. ഈ പരിശോധനയിലുണ്ടാകുന്ന കാലതാമസമാണ് അപ്പീൽ സർട്ടിഫിക്കറ്റ് ലഭ്യമാകാൻ തടസ്സമെന്ന് പരാതിക്കാർ പറയുന്നു. 1500ലധികം അപ്പീൽ അപേക്ഷകളാണ് മലപ്പുറം ജില്ലയിൽ മാത്രം ലഭിച്ചത്.
ഇരുനൂറോളം സർട്ടിഫിക്കറ്റുകൾ അനുവദിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് മരണം സംബന്ധിച്ച അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള രജിസ്ട്രേഷന് ആരംഭിച്ചത് കഴിഞ്ഞ മാസം ആദ്യമാണ്. മരണ സർട്ടിഫിക്കറ്റിനും അപ്പീലിനും ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് പി.എച്ച്.സി വഴിയോ അക്ഷയ സെൻറർ വഴിയോ ആവശ്യമായ രേഖകള്‍ നല്കി അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.