കോഴിക്കോട്: കോടാനുകോടിയുടെ വഖഫ് സ്വത്തുകളാണ് അന്യാധീനപ്പെട്ടതെന്നും ഖുർആനും നബിവചനവും അംഗീകരിക്കാതെയുള്ള സമുദായത്തിലെ ഇത്തരം പ്രവൃത്തികൊണ്ടാണ് കോവിഡ് പിടികൂടിയതെന്നും സി.പി.എം നേതാവും വഖഫ് ബോർഡ് ചെയർമാനുമായ ടി.കെ. ഹംസ. വഖഫ് ആക്ഷൻ കൗൺസിൽ ആഭിമുഖ്യത്തിൽ ബഹുജന കൺവെൻഷനിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വഖഫ് സംരക്ഷണത്തിന് ജനങ്ങളുടെ പിന്തുണയും സഹകരണവുമുപയോഗിച്ച് അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടിയുള്ള നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് സംരക്ഷണത്തിന്റെ പേരിൽ കടപ്പുറത്ത് മഹാ സമ്മേളനം വരെ നടന്നതിൽനിന്ന് സർക്കാർ നടപടികളിൽ ചിലർക്ക് എന്തോ കുഴപ്പമുണ്ടാവുമെന്ന് മനസ്സിലാക്കണം. ജീവനക്കാരെയും മറ്റും ശുദ്ധീകരിച്ച് ശക്തമായ നടപടിയുമായി മുന്നോട്ടു പോവും. വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കൽ ചെറിയ കാര്യമല്ല, സമുദായത്തിൽ ഭൂരിപക്ഷവും പിന്തുണ നൽകുന്നത് ആശ്വാസമാണ്.
650 വഖഫ് കേസുകൾ ഇപ്പോൾ ബോർഡിന് മുന്നിലുമുണ്ട്. 2005ലെ വരെ കേസുണ്ട്. വലിയ അധ്വാനവും വേണ്ടതാണ് വീണ്ടെടുക്കൽ. മുഖ്യമന്ത്രിയുടെ അംഗീകാരവും വഖഫ് മന്ത്രിയുടെ പ്രവർത്തനവുമുണ്ടാവുമ്പോൾ ചെയർമാന് പേടിക്കേണ്ട കാര്യമില്ല. പോരായ്മകൾ തിരുത്തണം എന്നുതന്നെയാണ് അഭിപ്രായം. എന്നാൽ, പ്രതിപക്ഷ രീതി ശരിയല്ല -അദ്ദേഹം പറഞ്ഞു.
പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉമർ ഫൈസി മുക്കം, റഹ്മത്തുല്ല സഖാഫി എളമരം, അഡ്വ. പി.എം. സഫറുല്ല, റസിയ ഇബ്രാഹിം, പ്രഫ. എ.പി. അബ്ദുൽ വഹാബ്, എൻ.കെ. അബ്ദുൽ അസീസ്, വായോളി മുഹമ്മദ്, മോയിൻ ബാപ്പു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.