പയ്യന്നൂർ: ഡോക്ടറുടെ പ്ലാസ്മയിലൂടെ കോവിഡ് രോഗി പുതുജീവിതത്തിലേക്ക്. സംസ്ഥാനത്ത് ഇതാദ്യമായാണ് കോവിഡ് രോഗമുക്തി നേടിയ ഡോക്ടറുടെ പ്ലാസ്മ ഉപയോഗിച്ച് മറ്റൊരു കോവിഡ് രോഗിക്ക് പ്ലാസ്മ തെറപ്പി നടത്തി ജീവിതം തിരിച്ചുനൽകുന്നത്. കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രി ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. മുഹമ്മദ് സമീറാണ് പ്ലാസ്മ നൽകിയത്.
ജൂലൈ അവസാനയാഴ്ച കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡേതര വിഭാഗത്തിലെ ഡ്യൂട്ടിക്കിടെയാണ് ഇവിടെ അഡ്മിറ്റായ രോഗിക്ക് യാദൃച്ഛികമായി കോവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തിയത്. തുടർന്നുള്ള പരിശോധനയിൽ കോവിഡ് പോസിറ്റിവായ ആരോഗ്യ പ്രവർത്തകരിൽ ഡോ. മുഹമ്മദ് സമീറും ഉണ്ടായിരുന്നു.
ജൂലൈ അവസാന ആഴ്ചയോടെ കോവിഡ് രോഗമുക്തി നേടിയ ഈ ഡോക്ടർ, ക്വാറൻറീൻ കാലയളവും വിശ്രമവും കഴിഞ്ഞ് വീണ്ടും കോവിഡ്- കോവിഡേതര വിഭാഗങ്ങളിൽ സേവനം ചെയ്തുവരുകയാണ്. ഇതിനിടെയാണ് കോവിഡ് പോസിറ്റിവായ ബി പോസിറ്റിവ് രക്തഗ്രൂപ്പുള്ള രോഗിക്ക് പ്ലാസ്മ തെറപ്പി നിർദേശിച്ചത്. ചികിത്സക്കായി പ്ലാസ്മ കണ്ടെത്താനുള്ള ശ്രമത്തിനിടെ, കോവിഡ് രോഗമുക്തനായ അതേ രക്തഗ്രൂപ്പിൽപെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന പരിയാരത്തെ ഡോക്ടർ മുന്നോട്ടുവരുകയായിരുന്നു. സമാനഗ്രൂപ്പിലുള്ള, മറ്റേതെങ്കിലും ആശുപത്രിയിൽ ചികിത്സിച്ച് കോവിഡ് രോഗമുക്തി നേടിയയാളെ കെണ്ടത്തി ചികിത്സ ആരംഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനും ഇതിലൂടെ ജീവൻ രക്ഷിക്കാനും സഹായകമായി.
രോഗം ഭേദമായ ഒരാളുടെ രക്തത്തിൽ രോഗാണുവിനെതിരായ ആൻറിബോഡി ഉണ്ടാവും. ഈ ആൻറിബോഡികൾ രോഗം ബാധിച്ച വ്യക്തിയിൽ വൈറസിനെതിരായി പ്രവർത്തിക്കും. ആറുമണിക്കൂറോളം നീളുന്ന സങ്കീർണമായ പ്രസ്തുത ചികിത്സയിൽ ചിലർക്ക് പാർശ്വഫലങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ, ഓരോ രോഗിയുടെയും പ്രത്യേക ശരീരാവസ്ഥ കൂടി കണക്കിലെടുത്ത് മാത്രമേ ഈ ചികിത്സ നിർദേശിക്കാറുള്ളൂ.
പ്ലാസ്മ തെറപ്പി ചികിത്സക്ക് വിധേയനായ രോഗിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു. ഡോ. മുഹമ്മദ് സമീറിനെ പ്രിൻസിപ്പലും മെഡിക്കൽ സൂപ്രണ്ടും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.