കൊച്ചി: കോവിഡ് കാല മാനസിക സമ്മർദം അതിജീവിക്കാൻ ആരോഗ്യവകുപ്പിെൻറ കൗൺസലിങ് സേവനം ഇതുവരെ ലഭ്യമാക്കിയത് 43,000ഓളം കുട്ടികൾക്ക്. ആരോഗ്യവകുപ്പിന് കീഴിലെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന 'ഒറ്റക്കല്ല ഒപ്പമുണ്ട്' പദ്ധതി പ്രകാരമാണ് 42,705 കുട്ടികൾക്ക് കൗൺസലിങ് നൽകിയത്. ക്ലാസ്മുറികളിൽനിന്നും സൗഹൃദങ്ങളിൽനിന്നും അകന്നുനിൽക്കുന്ന കുട്ടികളിൽ മാനസികപ്രശ്നങ്ങളും ആത്മഹത്യ പ്രവണതയും വർധിച്ചുവരുന്നു എന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് പദ്ധതി.
പഠനത്തിലെ താളംതെറ്റലും സ്കൂൾ തുറക്കുന്നതിലെ അനിശ്ചിതത്വവും ഇവരിൽ മാനസിക സമ്മർദത്തിന് വഴിവെക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ പല ജില്ലകളിൽനിന്ന് റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. സംസ്ഥാനത്താകെ ഇതുവരെ 4,28,958 കുട്ടികളുമായി കൗൺസിലർമാർ ഫോണിൽ ബന്ധപ്പെട്ടു. ഇവരിൽ 42,705 പേർക്ക് കൗൺസലിങ് ലഭ്യമാക്കിയപ്പോൾ 50 പേർക്ക് ഔഷധചികിത്സ തുടങ്ങി. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് കൗൺസലിങ് ലഭിച്ചത് -5889. കുറവ് കാസർകോടാണ് -589.
മാനസിക സമ്മർദമാണ് കൂടുതൽ കുട്ടികളെയും അലട്ടുന്ന പ്രശ്നം. ഇത്തരം 7870 കുട്ടികളെ കണ്ടെത്തി. ഉത്കണ്ഠ -5822, പെരുമാറ്റ പ്രശ്നങ്ങൾ -2656, വിഷാദം -111, ആത്മഹത്യ പ്രവണത -46, ലഹരി ഉപയോഗം -217, മറ്റ് പ്രശ്നങ്ങൾ -22,520 എന്നിങ്ങനെയാണ് മറ്റുള്ളവയുടെ കണക്ക്. മാനസികമായ പിന്തുണ തേടി ദിശയുടേതടക്കം ഹെൽപ്ലൈൻ നമ്പറുകളുമായി 70 കുട്ടികൾ ബന്ധപ്പെട്ടു.
സന്നദ്ധപ്രവർത്തകർ 514 കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാനസികാരോഗ്യ പരിപാടിയും വനിത ശിശുക്ഷേമ വകുപ്പും സംയുക്തമായി ഓരോ ജില്ലയിലും രൂപവത്കരിച്ച സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിെൻറ നേതൃത്വത്തിലാണ് പദ്ധതിയുടെ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.