നെഗറ്റിവായിട്ടും കോവിഡ് ചികിത്സ; ഡോക്ടറും ആശുപത്രിയും അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

മലപ്പുറം: കോവിഡ് നെഗറ്റിവാണെന്ന വിവരം മറച്ചുവെച്ച് കോവിഡ് ചികിത്സ നടത്തിയതിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ ജില്ല ഉപഭോക്തൃ കമീഷൻ വിധി. ഊര്‍ങ്ങാട്ടിരിയിലെ കക്കാടംപൊയില്‍ മാടമ്പിള്ളിക്കുന്നേല്‍ സോജി റനി എറണാകുളത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

2021 മേയ് 26ന് ചില ആരോഗ്യപ്രശ്‌നങ്ങളുമായാണ് പരാതിക്കാരി ചികിത്സ തേടിയത്. ആന്‍റിജന്‍ ടെസ്റ്റ് നടത്തിയപ്പോൾ ഫലം ഇന്‍ഡിറ്റര്‍മിനേറ്റഡ് എന്നായിരുന്നു. കോവിഡ് ഉണ്ടെന്നോ ഇല്ലെന്നോ പറയാനാകാത്ത സ്ഥിതിക്ക് ഉടന്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി. ടെസ്റ്റ് ഫലം നെഗറ്റിവ് ആയിരുന്നെങ്കിലും പരാതിക്കാരിയെ അറിയിച്ചില്ല. അതിതീവ്രപരിചരണ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കോവിഡ് സംശയിക്കുന്ന രോഗികളില്‍നിന്ന് ഒറ്റമുറിയിലേക്കു മാറ്റിത്തരണമെന്ന അപേക്ഷ സ്വീകരിച്ചില്ല. മൂന്നാം ദിവസം ഭര്‍ത്താവിനെ കാണാന്‍ അവസരം ഉണ്ടായപ്പോഴാണ് കോവിഡ് പരിശോധനഫലം നെഗറ്റിവാണെന്ന് അറിയുന്നത്. തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം ഡിസ്ചാര്‍ജ് വാങ്ങി മടങ്ങി. രണ്ടാഴ്ചക്കുശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയില്‍ വൃക്ക സംബന്ധമായ അസുഖമാണെന്ന് കണ്ടെത്തി.

കടുത്ത കോവിഡ് രോഗബാധിതര്‍ക്കു മാത്രം നല്‍കുന്നതും വൃക്കരോഗം ബാധിച്ചവര്‍ക്ക് നൽകാന്‍ പാടില്ലാത്തതുമായ മരുന്നുകളാണ് നല്‍കിയതെന്നും ഹരജിക്കാരി കമീഷനെ ബോധിപ്പിച്ചു. കോവിഡ് രോഗലക്ഷണങ്ങള്‍ പരാതിക്കാരിക്ക് ഉണ്ടായിരുന്നുവെന്നും മരുന്നുകള്‍ നല്‍കിയത് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണെന്നും കോവിഡ് പരിശോധനഫലം സംശയകരമാണെങ്കില്‍ നിശ്ചിത ഇടവേളക്കുശേഷം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ആവര്‍ത്തിക്കണമെന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും ഡോക്ടറും ആശുപത്രിയും ബോധിപ്പിച്ചു.

എന്നാല്‍, ടെസ്റ്റുകളില്‍ ഒന്നും പരാതിക്കാരിക്ക് രോഗമുള്ളതായി സ്ഥിരീകരിച്ചില്ലെന്നും കോവിഡ് രോഗാവസ്ഥയിലുള്ള ഒരാള്‍ക്കു മാത്രം നല്‍കാന്‍ നിര്‍ദേശിച്ച മരുന്ന് നല്‍കിയതിന് നീതീകരണമില്ലെന്നും കമീഷന്‍ നിരീക്ഷിച്ചു. അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 25,000 രൂപയും നല്‍കാനാണ് വിധി. കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമീഷനാണ് വിധി പുറപ്പെടുവിച്ചത്.

Tags:    
News Summary - Covid treatment: doctor and hospital ordered to pay Rs 5 lakh as compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.