തിരുവനന്തപുരം: മടങ്ങിയെത്തുന്നവരിലെ കോവിഡ് ബാധക്ക് പിന്നാലെ അപ്രതീക്ഷിത കേസുകളും ഉറവിടമറിയാത്ത രോഗബാധിതരും വർധിക്കുന്നത് സമൂഹവ്യാപനത്തിന് സമാന സാഹചര്യമായി കണ്ട് നേരിടാൻ ആരോഗ്യവകുപ്പിന് വിദഗ്ധ സമിതിയുടെ നിർദേശം.
ഉറവിടമറിയാത്ത കേസുകൾ, കേരളത്തിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയവരിലെ കോവിഡ് ബാധ, ലക്ഷണങ്ങളില്ലാത്ത വ്യാപനം എന്നിവ വൈറസിെൻറ സാമൂഹികസാന്നിധ്യമായി കണക്കാക്കിയുള്ള പ്രതിരോധത്തിനാണ് നിർദേശിച്ചിരിക്കുന്നത്.
രോഗികളെ ആരോഗ്യസ്ഥിതിയുടെ അടിസ്ഥാനത്തിൽ വേർതിരിക്കാനും ഗുരുതരമല്ലാത്തവർക്ക് വീടുകളിൽ ചികിത്സ (ഹോം ട്രീറ്റ്മെൻറ്) ഏർപ്പെടുത്താനും സമിതി ശിപാർശ ചെയ്തിട്ടുണ്ട്.
കർശന നിബന്ധനകളാണ് േഹാം ട്രീറ്റ്മെൻറിന് മുന്നോട്ടുവെച്ചിട്ടുള്ളത്. ആരോഗ്യസ്ഥി പരിശോധിച്ച് ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ ബോർഡാണ് വീട്ടുചികിത്സ നിഷ്കർഷിക്കേണ്ടത്.
രോഗി കഴിയുന്ന വീട്ടിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, പത്ത് വയസ്സിന് താെഴയുള്ള കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗങ്ങൾക്ക് ചികിത്സിക്കുന്നയാളുകൾ എന്നിവർ ഉണ്ടാകരുത്.
രോഗിക്ക് ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ വേഗത്തിൽ ചികിത്സ ലഭ്യമാക്കാനുള്ള ആശുപത്രി സൗകര്യം ഉറപ്പാക്കിയിരിക്കണം എന്നിവയും നിബന്ധനയിലുണ്ട്.
അതേസമയം, കാര്യമായ ആരോഗ്യപ്രശ്നങ്ങളോ ഗുരുതരാവസ്ഥയോ ഇല്ലാത്ത കോവിഡ് രോഗികളിൽ അപ്രതീക്ഷിതമായി ശാരീരികാവസ്ഥ വഷളാകുന്ന 'ഹൈപോക്സിയ' ഉണ്ടാകാനുള്ള സാധ്യതയാണ് ഹോം ട്രീറ്റ്മെൻറിനുള്ള പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാട്ടുന്നത്.
ശരീര കോശങ്ങളിൽ ഒാക്സിജൻ പെട്ടന്ന് നിലയ്ക്കുന്നത് മൂലമുള്ള അപകടകരമായ ശാരീരികാവസ്ഥയാണ് ഹൈപോക്സിയ. ഇത് മരണകാരണം വരെയാകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.