വനംവകുപ്പിനെകൊണ്ട് പൊറുതിമുട്ടിയെന്ന് സി.പി.ഐ എം.എൽ.എ

തിരുവനന്തപുരം: വനംവകുപ്പിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവും പീരുമേട് എം.എൽ.എയുമായ വാഴൂർ സോമൻ. വന്യമൃഗങ്ങളെകൊണ്ടും, വനം വകുപ്പ് ഉദ്യോഗസ്ഥരെകൊണ്ടും രക്ഷയില്ലാത്ത അവസ്ഥയാണെന്നും ജനങ്ങൾ പൊറുതിമുട്ടിയെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ധനാഭ്യാർഥന ചർച്ചക്കിടയിലാണ് വനംവകുപ്പിനെതിരെ വാഴൂർ സോമൻ ആഞ്ഞടിച്ചത്.

വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ പണി എന്താണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഗൗരവമായി പരിശോധിക്കണം. മൗണ്ട് സത്രം പ്രദേശത്ത് എയർ സ്ട്രിപ് പണിയുന്നതിനെ തടസ്സപ്പെടുത്തുകയാണ്. രേഖകൾ ചോദിച്ചാൽ ഇല്ലെന്നാണ് മറുപടി. 1000 കുട്ടികളെ പരിശീലിപ്പിക്കാനുള്ള പദ്ധതിക്കാണ് വനം വകുപ്പ് തുരങ്കം വെച്ചത്. മന്ത്രി പറഞ്ഞാൽ ഐ.എഫ്.എസുകാർ കേൾക്കുമോയെന്ന് തനിക്കും സംശയമുണ്ട്.

മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ അഞ്ചേക്കർ സ്ഥലം അനുവദിച്ച്​ കെട്ടിടം പണി ആരംഭിച്ചപ്പോൾ സ്റ്റോപ് മെമ്മോ കൊടുത്തു. കോടികൾ മുടക്കി കെ.ടി.ഡി.സി കെട്ടിടം പണിതപ്പോൾ അതും മുടക്കി. പാഞ്ചാലിമേട്ടിൽ ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതി 90 ശതമാനം പൂർത്തിയായി. അവിടെയും സ്റ്റോപ് മെമ്മോയുമായി വനംവകുപ്പ് വന്നു. ഇങ്ങനെ പോയാൽ എവിടെ ചെന്ന് നിൽക്കുമെന്നും എം.എൽ.എ ചോദിച്ചു.

വന്യമൃഗങ്ങൾ താലൂക്ക് ഓഫിസ് പരിസരത്തും കോടതി പരിസരത്തും ചുറ്റിക്കറങ്ങുകയാണ്. അതിനെ ഒന്നോടിച്ചു വിടാൻ ഉദ്യോഗസ്ഥർക്ക് സമയമില്ല. വനം, ഇടുക്കിയിലും ഡി.എഫ്.ഒ ഓഫിസ്, കോട്ടയത്തുമാണ്. തലതിരിഞ്ഞ പരിപാടികളാണ് വകുപ്പിൽ നടക്കുന്നത്. സഹികെട്ടതുകൊണ്ടാണ് ഇത്രയും പറഞ്ഞതെന്നും വാഴൂർ സോമൻ തുറന്നടിച്ചു. തുടർന്ന് സംസാരിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ താൻ രാജിവെച്ചാൽ തീരുന്നതാണോ വന്യജീവി സംഘർഷമെന്ന് ചോദിച്ചു. രാജിവെച്ചും വെടിവെച്ചും പരിഹരിക്കാവുന്ന വിഷമയല്ല ഇത്.

വാഴൂർ സോമൻ തന്നെക്കാൾ പക്വതയുള്ളയാളും നല്ല ജീവിത അനുഭവങ്ങളും ഉള്ള തൊഴിലാളി നേതാവുമാണ്. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. പീരുമേട്ടിലെ റേഞ്ച് ഓഫിസ് കോട്ടയത്ത് കൊണ്ടുവന്നത് താനാണോ? ഇടുക്കി ജില്ല രൂപവത്കരിക്കുന്നതിന് മുമ്പ് ആസ്ഥാനം കോട്ടയമാണ്. ജില്ല രൂപംകൊണ്ട ശേഷം പല വനംമന്ത്രിമാർ വന്നിട്ടും നടപടിയെടുത്തില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

Tags:    
News Summary - CPI MLA said that he had a fight with the forest department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.