വായ്​പക്ക്​ അപേക്ഷ നൽകിയ യുവതിയോട് അശ്ലീലം: സി.പി.എം പ്രാദേശിക നേതാവിന്​ സസ്പെൻഷൻ

തലശ്ശേരി: വായ്​പക്ക്​ അപേക്ഷ നൽകിയ യുവതിയോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ സി.പി.എം പ്രാദേശിക നേതാവിന് പാർട്ടിയിലും സസ്പെൻഷൻ. പിണറായി ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോ ഓപറേറ്റിവ് സൊസൈറ്റി സെക്രട്ടറി നിഖില്‍ കുമാർ നാരങ്ങോളിക്കെതിരെയാണ് നടപടി. സി.പി.എം ധർമടം നോർത്ത് ലോക്കലിലെ അണ്ടലൂർ കിഴക്ക് ബ്രാഞ്ച് സെക്രട്ടറിയായ നിഖിൽ കുമാറിനെ ഒരു വർഷത്തേക്കാണ് പാർട്ടിയിൽ നിന്നും സസ്പെൻഡ്​​ ചെയ്തത്. പാർട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കുംവിധം പ്രവർത്തിച്ചുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ സി.പി.എം ജില്ല കമ്മിറ്റി നടപടിയെടുത്തത്.

വായ്​പക്കെത്തിയ യുവതിയോട് ലൈംഗികച്ചുവയില്‍ സംസാരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി നല്‍കിയ യുവതിയും പാര്‍ട്ടി പ്രവര്‍ത്തകയാണ്. വായ്​പ അപേക്ഷ നല്‍കിയതിനുപിന്നാലെ നിഖില്‍ കുമാർ അര്‍ധരാത്രി യുവതിയെ ഫോണില്‍ വിളിച്ച്‌ ലൈംഗികച്ചുവയോടെ സംസാരിക്കുകയും വാട്‌സ് ആപ്പില്‍ മെസേജ് അയക്കുകയും ചെയ്തു. ശല്യം തുടര്‍ന്നതോടെ യുവതി ബന്ധുക്കളെയുംകൂട്ടി സൊസൈറ്റിയിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു. നടപടിയെടുത്തില്ലെങ്കില്‍ സൊസൈറ്റിക്ക് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് പ്രസിഡൻറിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഇതോടെ ബാങ്ക് നിഖിലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. യുവതിയുടെ പരാതിയിലാണ് ബാങ്ക് നടപടിയെടുത്തതെന്ന് ബാങ്ക് പ്രസിഡൻറും മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുമായ പി. ബാലൻ പറഞ്ഞു. പരാതിക്കാരിയായ യുവതിയും സി.പി.എം അംഗമാണ്. 

Tags:    
News Summary - cpim leader suspended Sexual harrasment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.