തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പുനഃപരിശോധന കമീഷൻ റിപ്പോർട്ട് സർക്കാർ രഹസ്യമായി സൂക്ഷിക്കേണ്ട കാര്യമുണ്ടോയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഈ റിപ്പോർട്ടിലെ പ്രായോഗിക പ്രശ്നങ്ങൾ ജീവനക്കാരുമായി ചർച്ച ചെയ്യാൻ സർക്കാർ തയാറാകണം. പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇനിയൊരു മാർച്ചുമായി സെക്രട്ടേറിയറ്റിലേക്ക് വരാതിരിക്കാനുള്ള നിലപാട് സർക്കാർ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും കാനം പറഞ്ഞു.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജോയന്‍റ് കൗൺസിലിന്‍റെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ഉൾപ്പെട്ട അധ്യാപക സർവിസ് സംഘടന സമരസസമിതി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെൻഷൻ പുനഃപരിശോധന റിപ്പോർട്ട് ചർച്ച ചെയ്ത് നടപ്പാക്കണം. വിവിധ സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പാക്കുകയാണ്. നിയമസഭയുടെ അംഗീകാരത്തോടെ പദ്ധതിയിൽനിന്ന് സംസ്ഥാന സർക്കാറിന് പിൻവലിയാം. ഇടത് സർക്കാറിന് എല്ലാവിധ പിന്തുണയും നൽകുന്ന ജീവനക്കാരുടെയും അധ്യാപകരുടെയും ഈ പ്രശ്നത്തിന് പരിഹാരം കാണണം. കമ്യൂണിസ്റ്റ് പാർട്ടിക്ക് എക്കാലവും ചങ്ങാത്ത മുതലാളിത്ത താൽപര്യങ്ങൾക്ക് എതിരെയുള്ള നിലപാടാണ് ഉള്ളതെന്നും കാനം കൂട്ടിച്ചേർത്തു.
ഒ.കെ. ജയകൃഷ്ണൻ അധ്യക്ഷനായി. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, ജയചന്ദ്രൻ കല്ലിംഗൽ, സത്യൻ മൊകേരി, മാങ്കോട് രാധാകൃഷ്ണൻ, വിവിധ സംഘടന നേതാക്കളായ കെ. ഷാനവാസ് ഖാൻ, സി.ആർ. ജോസ്പ്രകാശ്, കെ.എസ്. സജികുമാർ, എസ്. സുനികുമാർ, വിനോദ്, പി.ജി. അനന്തകൃഷ്ണൻ, വി.യു. ജോയി , ഹാരിസ്, എൻ. ഗോപാലകൃഷ്ണൻ, കെ.പി. ഗോപകുമാർ, ജ്യോതികുമാർ, ഉദയകല തുടങ്ങിയവർ സംബന്ധിച്ചു.
നിരവധി സംസ്ഥാനങ്ങൾ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പാക്കുമ്പോൾ എന്തിന് മടിച്ച് നിൽക്കുന്നുവെന്ന് നേതാക്കൾ ചോദിച്ചു. ഈ സർക്കാർ അധ്യാപകരുടെയും ജീവനക്കാരുടെയും കൂടിയാണെന്ന് ഓർക്കണമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.