കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവർത്തകരുടെ മർദനം. കെ.എസ്.യു കണ്ണൂർ ജില്ല വൈസ് പ്രസിഡന്‍റ് ഫർഹാൻ മുണ്ടേരിക്കാണ് മർദനമേറ്റത്. മുഖമന്ത്രിക്ക് അകമ്പടി പോയ കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ ഫർഹാനെ കസ്റ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു മർദനം.
കണ്ണൂർ ഗസ്റ്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പ്രധാന റോഡിലേക്ക് പ്രവേശിച്ചപ്പോഴാണ് ഫർഹാൻ മുണ്ടേരി ഒറ്റക്ക് കരിങ്കൊടി കാട്ടിയത്. ഈ സമയത്ത് മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിക്കാൻ ചെങ്കൊടിയുമേന്തി റോഡിന്‍റെ വശത്ത് നിന്ന സി.പി.എം പ്രവർത്തകർ പാഞ്ഞെത്തുകയും വളഞ്ഞിട്ട് അക്രമിക്കുകയുമായിരുന്നു. ഫർഹാൻ മുണ്ടേരി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷാസന്നാഹമാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. ഈ സുരക്ഷാ ക്രമീകരണങ്ങൾ മറികടന്നാണ് മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്ന പ്രദേശങ്ങളിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ് അടക്കമുള്ള സംഘടനകളുടെ പ്രവർത്തകർ പ്രതിഷേധിക്കുന്നത്.
മുഖ്യമന്ത്രി താമസിച്ച കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ബാരിക്കേഡ് തകർത്ത് അകത്ത് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സുദീപ് ജെയിംസിന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന കരിമ്പംകില കാമ്പസിലേക്ക് യൂത്ത്ലീഗ് പ്രവർത്തകർ കറുത്ത കൊടിയേന്തി പ്രതിഷേധ മാർച്ച് നടത്തി. തളിപറമ്പ് ബ്ലോക്ക് ഓഫിസിന് മുന്നിൽ പ്രതിഷധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. കില കാമ്പസിലെ വേദിയിലേക്ക് കരിങ്കൊടിയുമായി യൂത്ത് ലീഗ് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.