തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനുമായി ബന്ധപ്പെട്ട കത്ത് വിവാദം അന്വേഷിക്കാൻ ഒടുവിൽ സി.പി.എം മൂന്നംഗ കമീഷനെ നിയോഗിച്ചു. ജില്ലയിലെ മുതിർന്ന നേതാക്കളായ സി. ജയൻബാബു, ഡി.കെ. മുരളി, ആർ. രാമു എന്നിവരാണ് കമീഷൻ അംഗങ്ങൾ. മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ, പൊതുമരാത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ എന്നിവരുടേതായി പുറത്തുവന്ന കത്തുകളെക്കുറിച്ചാണ് അന്വേഷണം. കോർപറേഷൻ, മെഡിക്കൽ കോളജ് എസ്.എ.ടിയിലെ വിശ്രമകേന്ദ്രം എന്നിവിടങ്ങളിൽ ജീവനക്കാരെ നിയമിക്കാൻ ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തെഴുതിയെന്നതാണ് അന്വേഷണത്തിന് ആധാരം.
കത്ത് വിവാദത്തിന് പിന്നാലെ ചേർന്ന സി.പി.എം ജില്ല കമ്മിറ്റി യോഗം അന്വേഷണ കമീഷനെ വെക്കാൻ തീരുമാനിച്ചെന്ന് നേതൃത്വം അവകാശപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പൊലീസ് അന്വേഷണം നോക്കിയിട്ട് മതി ബാക്കി കാര്യം എന്ന നിലപാടിലായിരുന്നു നേതൃത്വം. കഴിഞ്ഞ സംസ്ഥാനസമിതി യോഗത്തിൽ ഈ വിഷയം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ജില്ല നേതൃത്വത്തിനെതിരെ വിമർശനം ഉണ്ടായ സാഹചര്യത്തിലാണ് അന്വേഷണം.
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി. പ്രായം സംബന്ധിച്ച എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറി അഭിജിത്തിന്‍റെ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കാൻ ഒത്താശ ചെയ്തതിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസാണ് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. പരാതി പൊലീസ് സ്റ്റേഷന് കൈമാറുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.