ആരോഗ്യത്തിലും ആകാം കുത്തകവാഴ്ച

തിരുവനന്തപുരം: പൊതുജനാരോഗ്യ മേഖലയും വൻകിട കുത്തകകൾക്കായി മലർക്കെ തുറന്നിടാൻ നിർദേശിച്ച് സി.പി.എമ്മിന്‍റെ വികസന നയരേഖ. പ്രധാന ജില്ലകളിലെല്ലാം സ്വകാര്യ നിക്ഷേപത്തിൽ വൻകിട ആശുപത്രി സ്ഥാപിക്കാൻ സ്വകാര്യ സംരംഭകരെ സ്വാഗതം ചെയ്യുകയാണ് സി.പി.എം. സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരള സൃഷ്ടിക്കായുള്ള പാർട്ടി കാഴ്ചപാട് എന്ന വികസന നയരേഖയാണ് വൻകിട ആശുപത്രികൾ സ്വകാര്യ മേഖലയിൽ വേണ്ടതിന്‍റെ ആവശ്യകത എടുത്തുപറയുന്നത്.

സംസ്ഥാനത്ത് പൊതുജനാരോഗ്യ മേഖല നിലവിൽ ശക്തമാണ്. എന്നാൽ, ജില്ലകളിൽ വൻകിട ആശുപത്രികൾ കുറവായത് ജനങ്ങൾക്ക് വലിയ അസൗകര്യം സൃഷ്ടിക്കുന്നു. ഇത് പരിഹരിക്കുന്നതിന് വൻകിട ആശുപത്രികൾ സ്ഥാപിക്കാൻ സ്വകാര്യ മേഖല താൽപര്യപ്പെടുമെങ്കിൽ പ്രോത്സാഹനം നൽകണമെന്നും രേഖ വ്യക്തമാക്കുന്നു.

നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സൂപ്പർ സ്പെഷാലിറ്റി സ്വകാര്യ ആശുപത്രികൾ സേവനങ്ങൾക്ക് ഈടാക്കുന്ന ബില്ലുകൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത വിധം ഉയർന്നതാണ്. ഇത് പരിഹരിക്കാൻ പിന്നാക്ക ജില്ലകളിലടക്കം സൂപ്പർ സ്പെഷാലിറ്റി സൗകര്യങ്ങളുള്ള മെഡിക്കൽ കോളജുകൾ സജ്ജീകരിക്കുകയും ജനറൽ ആശുപത്രികൾ ശാക്തീകരിക്കുകയും വേണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. സി.പി.എം നയിക്കുന്ന എൽ.ഡി.എഫും ഈ നയമാണ് പിന്തുടരുന്നത്.

സംസ്ഥാനത്ത് എയിംസ് അനുവദിക്കണമെന്ന് ഭരണ, പ്രതിപക്ഷ ഭേദമെന്യേ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ കനിഞ്ഞിട്ടില്ല. സ്വകാര്യ മേഖലയിൽ വൻകിട ആശുപത്രി നടത്താൻ ആർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ പ്രോത്സാഹനം നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് പൊതുജനാരോഗ്യ മേഖല ശക്തമാണെങ്കിലും വൻകിട ആശുപത്രികൾ കുറവാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അവഗണനയിൽപെട്ട് വികസനം സാധ്യമാകാതെ ഇടത്സർക്കാറുകൾ ജനങ്ങളിൽ ഒറ്റപ്പെടുന്നതിനെ കുറിച്ച് കൊൽക്കത്ത പാർട്ടി കോൺഗ്രസ് അംഗീകരിച്ച രേഖ മുന്നറിയിപ്പ് നൽകുന്നെന്ന് സി.പി.എം നേതൃത്വം വിശദീകരിക്കുന്നു. അതിനാൽ സ്വകാര്യ മേഖലക്കെതിരാണെന്ന വാദം ശരിയല്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ കൽപിത സർവകലാശാലകളും പി.പി.പി മാതൃകയിലുള്ള സ്ഥാപനങ്ങളും കടന്നുവരണമെന്നും രേഖയിൽ പറയുന്നുണ്ട്. 

Tags:    
News Summary - CPM Development Document says health sector should be left open to corporates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.