പാലക്കാട്: അച്ചടക്കനടപടി നേരിട്ട പി.കെ. ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തുനിന്നും സി.ഐ.ടി.യു ജില്ല പ്രസിഡന്റ് പദവിയിൽനിന്നും മാറ്റണമെന്ന് സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കാൻ ചൊവ്വാഴ്ച ചേർന്ന യോഗം തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചാല്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും പി.കെ. ശശി മാറ്റിനിർത്തപ്പെടും.
വിവിധ ആരോപണങ്ങളെ തുടർന്ന് പി.കെ. ശശിയെ ജില്ല കമ്മിറ്റിയിൽനിന്ന് അടുത്തിടെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു, മന്ത്രി എം.ബി. രാജേഷ് എന്നിവരടങ്ങുന്ന ഔദ്യോഗിക വിഭാഗത്തിനാണ് ജില്ല സെക്രട്ടേറിയറ്റിൽ മേൽക്കൈ. ജില്ല സെക്രട്ടറിയെ കേസിലുൾപ്പെടുത്താൻ ചരടുവലിച്ചെന്ന പരാതിയുടെകൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന സമിതി ശശിക്കെതിരെ നടപടിയെടുത്തത്.
പി.കെ. ശശിക്ക് മേൽക്കൈയുള്ള മണ്ണാർക്കാട് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിക്കാനിരിക്കുകയാണ് ജില്ല നേതൃത്വം. ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.എൻ. ശശിക്കാണ് മണ്ണാർക്കാട് ഏരിയയുടെ താൽക്കാലിക ചുമതല.
അതിനിടെ, കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം ഉത്തരവാദിത്തപ്പെട്ട കേന്ദ്രം തീരുമാനിച്ച് നൽകിയതാണെന്നും അവർ മറിച്ച് ചിന്തിക്കുകയാണെങ്കിൽ അപ്പോൾ ആലോചിക്കാമെന്നും പി.കെ. ശശി പറഞ്ഞു. സി.പി.എമ്മിലെ അച്ചടക്കനടപടി എന്തിനാണെന്നത് പാർട്ടി സെക്രട്ടറിതന്നെ വിശദീകരിച്ചു. വ്യക്തിപരമായ അഭിപ്രായം മാധ്യമങ്ങളുമായി പങ്കുവെക്കുന്നില്ല. പാർട്ടി ഫോറത്തിൽ അറിയിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.