ആർ.എസ്.എസ് ചർച്ച യു.ഡി.എഫിലേക്ക് തിരിച്ചുവിട്ട് സി.പി.എം

തിരുവനന്തപുരം: ആർ.എസ്.എസുമായി മുസ്ലിം സംഘടനകൾ നടത്തിയ ചർച്ചയുമായി ബന്ധപ്പെട്ട വിവാദം യു.ഡി.എഫിനെതിരെ തിരിച്ചുവിട്ട് സി.പി.എം. വിവാദത്തിൽ വെൽഫെയർ പാർട്ടിയെയും കൂട്ടിക്കെട്ടി യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാനാണ് നീക്കം. ആർ.എസ്.എസും മുസ്ലിം സംഘടനകളും തമ്മിലുള്ള ചർച്ച ജമാഅത്തെ ഇസ്ലാമിക്ക് നേർക്കുള്ള ചോദ്യമായി ഉയർത്തിക്കൊണ്ടുവന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടലാണ്. വിഷയം വിവാദമായതോടെ, യു.ഡി.എഫിലേക്ക് തിരിച്ചുവിട്ട് രാഷ്ട്രീയ ചർച്ചയാക്കുന്നതിന് മുന്നിൽ നിൽക്കുന്നതും മുഖ്യമന്ത്രി തന്നെ.

കോൺഗ്രസ്‌-ലീഗ്-വെൽഫെയർ പാർട്ടി കൂട്ടുകെട്ടിന് ആർ.എസ്.എസ് ചർച്ചയിൽ പങ്കുണ്ടോയെന്ന ചോദ്യമാണ് പിണറായി വിജയൻ ഉന്നയിച്ചത്. ജമാഅത്തെ ഇസ്ലാമിയും ആര്‍.എസ്.എസുമായുള്ള ചര്‍ച്ച വെല്‍ഫെയര്‍ പാര്‍ട്ടി-ലീഗ്-കോണ്‍ഗ്രസ് ത്രയത്തിന്റെ നീക്കത്തിന്റെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസും അതുതന്നെ ആവർത്തിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ, ചർച്ച ഈ നിലക്ക് വഴി തിരിക്കുകയെന്നത് സി.പി.എം ബോധപൂർവം നടത്തുന്ന നീക്കമാണ്. നേരത്തേ, സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഉയർത്തിവിട്ട ‘അമീർ-ഹസൻ-കുഞ്ഞാലിക്കുട്ടി’ പരാമർശത്തിന്‍റെ തുടർച്ചയാണിത്. പ്രസ്തുത ചർച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തെന്നാണ് പാർട്ടി വിലയിരുത്തിയത്.

ജമാഅത്തെ ഇസ്ലാമിയിൽ മതരാഷ്ട്രവാദം ആരോപിച്ച് ഒറ്റപ്പെടുത്തുകയും വെൽഫെയർ പാർട്ടിയുമായുള്ള സഹകരണം മുൻനിർത്തി അതിലേക്ക് മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും ചേർത്തുകെട്ടുകയുമാണ് സി.പി.എം ചെയ്യുന്നത്. വെൽഫെയർ പാർട്ടി സഹകരണം തള്ളിപ്പറയേണ്ടി വരുമ്പോൾ യു.ഡി.എഫിനുണ്ടാകുന്ന പരിക്കാണ് സി.പി.എമ്മിന്‍റെ ലക്ഷ്യം. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നടത്തിയ പ്രതികരണങ്ങളിൽ അവർ അത് തിരിച്ചറിയുന്നതിന്‍റെ സൂചനകളുണ്ട്.

Tags:    
News Summary - CPM diverted RSS discussion to UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.