കെ.കെ. ശൈലജയുടെ മന്ത്രിസ്ഥാനം: മാറ്റിനിർത്തുമ്പോൾ അവഗണിക്കുന്നുവെന്ന തോന്നലുണ്ടാകുന്നത് ബൂർഷ്വാ പാർലമെന്‍ററി വ്യാമോഹമാണെന്ന് സി.പി.എം

കോഴിക്കോട്: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് കെ.കെ. ശൈലജ അടക്കമുള്ളവരെ ഒഴിവാക്കിയതിൽ വിശദീകരണവുമായി സി.പി.എം മുഖപത്രം ദേശാഭിമാനി. മന്ത്രിമാരിൽ ഒരാൾക്ക് മാത്രം ഇളവ് നൽകാൻ കഴിയില്ലെന്നും നിലവിലെ മന്ത്രിമാരെ ഉൾപ്പെടുത്തിയാൽ പുതിയവർ പുറന്തള്ളപ്പെടുമെന്ന് പി.ബി. അംഗം എസ്. രാമചന്ദ്രൻപിള്ള എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച പാർട്ടി സംസ്ഥാന സമിതിയുടെ വിലയിരുത്തലുകളാണ് എസ്.ആർ.പിയുടെ ലേഖനത്തിലൂടെ വിശദീകരിക്കുന്നത്.

എം.എൽ.എമാരിലും മന്ത്രിമാരിലും ഏതെങ്കിലും ഒരാൾക്കോ കുറെപ്പേർക്കോ മാത്രമായി സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളിൽ നിന്ന്‌ ഇളവ്‌ നൽകേണ്ടതില്ലെന്ന് സംസ്ഥാന കമ്മിറ്റി ഏകകണ്‌ഠമായി തീരുമാനിച്ചതായി ലേഖനത്തിൽ പറയുന്നു. എം.എൽ.എമാരായി രണ്ടുതവണ തുടർന്നവരും എല്ലാ മന്ത്രിമാരും തങ്ങളുടെ ചുമതലകൾ അതിസമർഥമായി നിർവഹിച്ചവരാണ്‌. ചുമതലകൾ സമർഥമായി കൈകാര്യം ചെയ്‌തവർക്ക്‌ ഇളവ്‌ നൽകിയാൽ 26 എം.എൽ.എമാർക്കും 11 മന്ത്രിമാർക്കും ഇളവ്‌ നൽകേണ്ടി വരുമായിരുന്നു. പുതുതായി ഒരു മന്ത്രിയെയും പുതിയ മന്ത്രിസഭയിൽ എടുക്കാൻ കഴിയുമായിരുന്നില്ല. എം.എൽ.എമാരുടെ ഒരു പുതുനിര കടന്നു വരുമായിരുന്നില്ല.

പ്രവർത്തന മികവിന്‍റെ പേരിൽ എം.എൽ.എമാരിലോ മന്ത്രിമാരിലോ ഒരാളെയോ കുറെപ്പേരെയോ മാത്രം മറ്റ്‌ അംഗങ്ങളിൽ നിന്ന്‌ വേർതിരിച്ച്‌ പരിഗണിക്കാനാകുകയില്ല. അങ്ങനെയുണ്ടായാൽ ചിലരുടെ പ്രവർത്തനങ്ങൾ മാത്രം അംഗീകരിക്കപ്പെട്ടതായി കരുതാനിടയുണ്ട്‌. എല്ലാവരും ഒരുപോലെ സമർഥമായി പ്രവർത്തിച്ച സാഹചര്യത്തിൽ പാർടിക്കുള്ളിലും ജനങ്ങൾക്കിടയിലും തെറ്റിദ്ധാരണയും അനൈക്യവും വളർന്നു വരുന്നതിന്‌ അത്തരം സമീപനം ഇടവരുത്താം. സി.പി.ഐ നിലവിലുണ്ടായിരുന്ന എല്ലാ മന്ത്രിമാർക്കും പകരമായി പുതിയ മന്ത്രിമാരെ നിശ്ചയിച്ചതായും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

പാർലമെന്‍ററി സ്ഥാനങ്ങളിലേക്ക്‌ നിയോഗിക്കുമ്പോൾ മാത്രമാണ്‌ പരിഗണിക്കുന്നതെന്നും നിയോഗിക്കപ്പെടുന്നില്ലെങ്കിൽ അവഗണിക്കുന്നതായും പാർട്ടിയുടെ ഏതെങ്കിലും പ്രവർത്തകൻ കരുതിയാൽ അത്‌ അവരുടെ പാർട്ടി ബോധത്തിന്‍റെ താഴ്‌ന്ന നിലവാരത്തെ മാത്രമാണ്‌ സൂചിപ്പിക്കുന്നത്‌. ബൂർഷ്വാ പാർലമെന്‍ററി വ്യാമോഹങ്ങൾക്ക്‌ കീഴ്‌പ്പെടുന്നതു കൊണ്ടുമാണ്‌. ഇന്നത്തെ ബൂർഷ്വാ സമൂഹവും വിശേഷിച്ച്‌ മാധ്യമങ്ങളും അത്തരം ബോധം വളർത്തിക്കൊണ്ടുവരാൻ ബോധപൂർവം ശ്രമിക്കുന്നു. ബൂർഷ്വാ രാഷ്‌ട്രീയ കക്ഷികളിലെ പ്രവർത്തകരെ നയിക്കുന്നത്‌ ഈ ബോധമാണ്‌. പാർട്ടിക്കുള്ളിൽ വിഭാഗീയത വളരുന്നതിനും ബൂർഷ്വാ പാർലമെന്‍ററി വ്യാമോഹം കാരണമാകുന്നു.

മന്ത്രിസഭാ രൂപീകരണത്തിൽ വനിതകളെ അവഗണിച്ചുവെന്ന ചില ബൂർഷ്വാ മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും പ്രചാരവേലയിൽ ചില ഇടതുപക്ഷ സുഹൃത്തുക്കളടക്കം പലരും പെട്ടുപോയി. ഇത്തരം പ്രചാരവേലക്ക് ഒരു അടിസ്ഥാനവുമില്ല. പാർട്ടിയെ പ്രതിനിധാനം ചെയ്‌ത്‌ കഴിഞ്ഞ മന്ത്രിസഭയിൽ രണ്ട്‌ വനിതകൾ ഉണ്ടായിരുന്നു. പുതിയ മന്ത്രിസഭയിലും പാർടിയെ പ്രതിനിധാനം ചെയ്‌ത്‌ രണ്ട്‌ വനിതകളുണ്ട്‌. പുതിയ അംഗങ്ങളെ നിശ്ചയിച്ചുവെന്നത്‌ വനിതകളെ അവഗണിച്ചതിന്‌ കാരണമായി എടുത്തുകാട്ടുന്നത്‌ യുക്തിക്ക്‌ നിരക്കാത്തതാണ്‌. ഇടതു സർക്കാറിൽ കഴിഞ്ഞ സർക്കാറിന്‍റെ കാലത്തുണ്ടായിരുന്ന രണ്ട്‌ വനിതകൾക്ക്‌ പകരം ഇന്ന്‌ മൂന്ന്‌ വനിതകളാണുള്ളതെന്നും ലേഖനത്തിൽ പറയുന്നു.

ഒരുവിഭാഗം ബൂർഷ്വാ മാധ്യമങ്ങൾ പലപ്പോഴും സംഘം ചേർന്ന്‌ പ്രചാരവേലകൾ സംഘടിപ്പിച്ച്‌ പാർടിയുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്‌. ചില വ്യക്തികളെ ഉയർത്തിക്കാട്ടിയും മറ്റു ചിലരെ ഇകഴ്‌ത്തിയും ആശയക്കുഴപ്പം സൃഷ്ടിക്കാൻ ബൂർഷ്വാ മാധ്യമങ്ങൾ ശ്രമിച്ചു വരുന്നു. വലതുപക്ഷ രാഷ്‌ട്രീയ താൽപര്യങ്ങളും ചില മാധ്യമപ്രവർത്തകരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും അസൂയയും പകയും ഇത്തരം പ്രചാരവേലകളുടെ പിന്നാമ്പുറത്തുണ്ട്‌.

തങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ബൂർഷ്വാ മാധ്യമങ്ങൾ കരുതിക്കൂട്ടി സംഘടിപ്പിക്കുന്ന ഇത്തരം പ്രചാരവേലകളെ പാർടി തള്ളിക്കളയുന്നു. അത്തരം ആശയങ്ങൾക്ക്‌ ബദലായി ശരി നിലപാടുകളുടെ അടിസ്ഥാനത്തിലുള്ള പൊതുബോധം സൃഷ്ടിക്കാൻ പാർടി വിട്ടുവീഴ്‌ചയില്ലാതെ പോരാടുന്നു. പാർട്ടിയുടെ അജണ്ട പാർട്ടിയാണ്‌ നിശ്ചയിക്കുന്നതെന്നും ബൂർഷ്വാ മാധ്യമങ്ങൾക്ക്‌ വിട്ടുകൊടുക്കുകയില്ലെന്നും ലേഖനത്തിൽ എസ്. രാമചന്ദ്രൻപിള്ള ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - CPM explained KK Shailaja's minister Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.