തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ചെയർമാനും സി.പി.എം അനുകൂല ഓഫിസർമാരുടെ സംഘടനയുമായി നിലനിൽക്കുന്ന ഭിന്നത പരിഹരിക്കാൻ നീക്കം. സി.പി.എം നിർദേശപ്രകാരം മുൻ വൈദ്യുതി മന്ത്രി എ.കെ. ബാലൻ നിലവിലെ മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി ചർച്ച നടത്തി. ചൊവ്വാഴ്ച തലസ്ഥാനത്തെത്തുന്ന മന്ത്രി കൃഷ്ണൻകുട്ടി ചെയർമാനുമായും ഓഫിസർമാരുടെ സംഘടനയുമായും ആശയവിനിമയം നടത്തും. അതേസമയം, വിഷയത്തിൽ സർവിസ് സംഘടനകളുടെ ഇടപെടലിനെതിരെ ഐ.എ.എസ് അസോസിയേഷൻ നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
കെ.എസ്.ഇ.ബിയുടെ നിലനിൽപ്പ് നോക്കിയുള്ള ഒത്തീതീർപ്പ് മാത്രമേ ഉണ്ടാകൂവെന്ന് മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി. ബോർഡിന്‍റെ പ്രവർത്തനം ഏറെ മെച്ചപ്പെട്ടു. ചെയർമാനെ മാറ്റണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടിട്ടില്ല. എ.കെ. ബാലനുമായുള്ള കൂടിക്കാഴ്ച സാധാരണനിലയിലുള്ളതെന്നും മന്ത്രി പറഞ്ഞു.
ഇടതു മുന്നണി ഭരിക്കുമ്പോൾ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ഡോ. എം.ജി. സുരേഷ്കുമാർ, ജനറൽ സെക്രട്ടറി ബി. ഹരികുമാർ, ബനവലന്‍റ് ഫണ്ട് അധ്യക്ഷ ജാസ്മിൻ ബാനു എന്നിവരാണ് സസ്പെൻഷനിലായത്. സസ്പെൻഷൻ പിൻവലിക്കണമെന്നും കെ.എസ്.ഇ.ബിയെ പിറകോട്ടടിപ്പിക്കുന്ന മാനേജ്മെന്‍റ് നടപടികൾ തിരുത്തണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ ബോർഡ് ആസ്ഥാനത്തിനു മുന്നിൽ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിച്ചു.
രണ്ടു മാസത്തെ ഇടവേളക്കുശേഷം ബോർഡ് ആസ്ഥാനം വീണ്ടും അനിശ്ചിതകാല സമരത്തിനു വേദിയായി. അതേസമയം, ചട്ടപ്രകാരമുള്ള നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്ന നിലപാടിലാണ് ചെയർമാൻ.
സത്യഗ്രഹം വിജയിപ്പിക്കാൻ വർഗ ബഹുജന സംഘടകളുടെ കൂട്ടായ്മയും സമരസഹായ സമിതി രൂപവത്കരണവും ചൊവ്വാഴ്ച വൈകീട്ട് നാലിന് വഞ്ചിയൂരിലെ കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടക്കും. ചൊവ്വാഴ്ചയിലെ ചർച്ചകളിൽ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നാണ് നേതാക്കൾ കരുതുന്നത്.
പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാകാത്ത വിധം മാനേജ്മെന്റിനോട് നിസ്സഹകരണം നടത്തും. പ്രശ്നം നീണ്ടാൽ ചട്ടപ്പടി സമരത്തിലക്ക് പോകും. സമരം നീളുന്നത് ബോർഡിന്‍റെ സേവനങ്ങളെ ബാധിച്ചേക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് സി.പി.എം വിഷയത്തിൽ ഇടപെട്ടത്.
തിരുവനന്തപുരം: അസോസിയേഷൻ നേതാക്കളെയും വനിത ജീവനക്കാരെയും അപഹസിക്കുന്ന വിധം ബോർഡ് ചെയർമാൻ ചാനലിൽ നടത്തിയ പരാമർശങ്ങൾ പിൻവലിക്കണമെന്ന് കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ എക്സി. കമ്മിറ്റി ആവശ്യപ്പെട്ടു. കേരള സമൂഹത്തോടും തൊഴിലെടുത്ത് ആത്മാഭിമാനത്തോടെ ജീവിക്കുന്ന മുഴുവൻ സ്ത്രീകളോടും മാപ്പ് ചോദിക്കണമെന്നും യോഗം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കുന്നതിൽ മുൻനിരയിൽ നിൽക്കുന്ന സ്ഥാപനമാണ് കെ.എസ്.ഇ.ബി. ഒറ്റപ്പെട്ട വൈദ്യുതി ഉൽപാദന നിലയങ്ങളിലും സബ്സ്റ്റേഷനുകളിലും കാര്യക്ഷമതയോടെ ജോലി ചെയ്യുന്ന ഓഫിസർമാരിൽ നല്ലൊരു പങ്ക് വനിതകളാണ്. വിതരണ മേഖലയിലെയും കോർപറേറ്റ് ഓഫിസിലെയും ഓഫിസർമാരിൽ പകുതിയോളം വനിതകളാണ്. കെ.എസ്.ഇ.ബിയിലെ സംഘടനകളെക്കുറിച്ചും സ്ത്രീ ജീവനക്കാരെക്കുറിച്ചും സ്ഥാപന മേധാവിയുടെ പരാമർശങ്ങൾ വസ്തുതകളുമായി യോജിക്കുന്നതല്ല.
ആഴത്തിലുള്ള പഠനവും അതിലൂടെ ആർജിച്ച അറിവും കാര്യക്ഷമമായ പ്രവർത്തനം കൊണ്ടും വൈദ്യുതി മേഖലയിലെ ഏറ്റവും പ്രഗല്ഭരായ ഓഫിസർമാരിലൊരാളാണ് സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് എം.ജി. സുരേഷ് കുമാർ. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള അദ്ദേഹം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ പവർ സിസ്റ്റത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കഴിവുകളെ ഇകഴ്ത്തിക്കാണിക്കാനും ശ്രമം നടന്നെന്ന് സംഘടന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.