പിണറായിയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍റെ മരണം: കലാപമുണ്ടാക്കാൻ നീക്കം -സി.പി.എം

കണ്ണൂർ: പിണറായി സ്വദേശിയായ ബി.ജെ.പി പ്രവര്‍ത്തകൻ ഹൃദയസ്തംഭനം മൂലം  മരിച്ചത് സി.പി.എം നടത്തിയ കൊലപാതകമാണെന്ന ബി.ജെ.പി നേതാവിന്‍റെ പ്രസ്താവന നാട്ടില്‍ കലാപം അഴിച്ചു വിടാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ഏകപക്ഷീയമായ അക്രമത്തെ മറച്ചു പിടിക്കാനും ഹൃദയസ്തഭനം മൂലമുണ്ടായ മരണത്തെ കൊലപാതകമാക്കി മാറ്റി നാട്ടില്‍ കലാപമുണ്ടാക്കാനാണ് ബി.ജെ.പി നേതൃത്വം പരിശ്രമിച്ചത്. ആ നീക്കമാണ് ആശുപത്രി രേഖകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മൂലം പൊളിഞ്ഞതെന്നും ജയരാജൻ പറഞ്ഞു.

ജൂലൈ 25 ന് പുലര്‍ച്ചെ 2.30 ന് ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകന്‍ പാനുണ്ട സ്വദേശി ജിംനേഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ആശുപത്രി രേഖ പ്രകാരം ജിംനേഷിന് പുലര്‍ച്ചെ 2.30 ന് ഹൃദ്രോഗം ഉണ്ടായപ്പോള്‍ ഇ.സി.ജി. അടക്കമുള്ള ടെസ്റ്റുകള്‍ നടത്തിയെങ്കിലും പുലര്‍ച്ചെ 3.45 ന് മരണപ്പെട്ടു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി അനുസരിച്ച് മരണ കാരണം ഹൃദയസ്തംഭനമാണെന്നും ദേഹത്ത് മറ്റ് പരിക്കുകളൊന്നും ഇല്ലെന്നുമാണ്. വസ്തുത ഇതായിരിക്കെ ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് മാധ്യമങ്ങളോട് പറഞ്ഞത് സി.പി.എം പ്രവര്‍ത്തകരുടെ മർദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്നും കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നുമാണ്.

ജൂലൈ 24 ഞായറാഴ്ച പാനുണ്ട യു.പി സ്കൂളില്‍ ബാലസംഘം ഏരിയ സമ്മേളനമായിരുന്നു. സമ്മേളനത്തിന്‍റെ ഭാഗമായി അലങ്കരിച്ച കൊടിതോരണങ്ങള്‍ മദ്യപിച്ചെത്തിയ ഒരുസംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ രാവിലെ 8 മണിക്ക് നശിപ്പിച്ചു. നശിപ്പിച്ച സ്ഥലത്തു തന്നെ വീണ്ടും പുതിയ കൊടി സ്ഥാപിച്ചു. രാവിലെ 11 മണിക്ക് അതേ സംഘം രണ്ടാമതും കൊടി നശിപ്പിച്ചു. സമ്മേളനം സമാധാന പരമായി നടക്കേണ്ടതിനാല്‍ സി.പി.എം പ്രവര്‍ത്തകര്‍ യാതൊരു സംഘര്‍ഷവും ഉണ്ടാക്കിയില്ല. സമ്മേളനം വൈകീട്ട് 5 മണിക്ക് അവസാനിച്ചപ്പോള്‍ വീണ്ടും ബി.ജെ.പി ക്രിമിനല്‍ സംഘം അക്രമം സംഘടിപ്പിച്ചു. ഇത്തരത്തില്‍ കലാപമുണ്ടാക്കാനുള്ള ബി.ജെ.പി നീക്കം തിരിച്ചറിഞ്ഞ് ജനാധിപത്യ മതേതര വിശ്വാസികള്‍ പ്രതിഷേധിക്കണമെന്ന് ജയരാജൻ പറഞ്ഞു.

Tags:    
News Summary - CPM leader MV Jayarajan about Death of BJP worker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT