തിരുവനന്തപുരം: ആവശ്യകതക്ക് ആനുപാതികമായി ഉൽപാദനം വർധിപ്പിക്കാൻ കഴിയാത്തതിനാൽ എട്ടു വർഷത്തിനിടെ വൈദ്യുതി വാങ്ങാൻ ചെലവിട്ട പണത്തിൽ 5590 കോടി രൂപയുടെ വർധന. 2016ൽ 19,735 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ചെലവായത് 7393 കോടി രൂപയായിരുന്നു. 2023-24ൽ വൈദ്യുതി വാങ്ങൽ 26,453 മെഗാവാട്ടായും തുക 12,983 കോടിയുമായി വർധിച്ചു. 2016ൽ യൂനിറ്റിന് ശരാശരി 3.88 രൂപ വേണ്ടിവന്നിടത്ത് 2023 ആയപ്പോഴേക്കും ശരാശരി വില യൂനിറ്റിന് 5.30 യൂനിറ്റ് കടന്നു.
2016 മുതൽ 19വരെ പ്രതിവർഷം 8000 കോടി രൂപക്ക് തഴെയായിരുന്ന വൈദ്യുതി വാങ്ങൽ ചെലവ് 2019ൽ ആണ് വലിയതോതിൽ ഉയരുന്നത്. 2019-20 ൽ 21,129 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ചെലവായത് 8680 കോടി രൂപയായിരുന്നു. തൊട്ടടുത്ത വർഷം (2020-21) വാങ്ങിയ വൈദ്യുതിയിലും ചെലവിലും നേരിയ കുറവുണ്ടായി. 18,912 മെഗാവാട്ട് വാങ്ങാൻ 7977 കോടി രൂപ. 2021-22 ൽ വാങ്ങിയ വൈദ്യുതിയിൽ നേരിയ കുറവുണ്ടായെങ്കിലും (18,888 മെഗാവാട്ട്) ചെലവ് 8532 കോടിയായി വർധിച്ചു. 2022-23 ൽ വൈദ്യുതി വാങ്ങലിലും ചെലവിലും കാര്യമായ വർധനയുണ്ടായി. ചെലവ് 10,000 കോടിയും കടന്നു. 21,133 മെഗവാട്ട് വൈദ്യുതി വാങ്ങാൻ ചെലവിട്ടത് 11,241 കോടി രൂപയായിരുന്നു. 2023-24ൽ വൈദ്യുതി ആവശ്യകത 26,000 മെഗാവാട്ട് കടന്നു. ചെലവ് 13,000 കോടിക്ക് അരികെയുമെത്തി. നിലവിലെ സാഹചര്യത്തിൽ 2024-25 ൽ ചെലവിടേണ്ട തുക 15,000 കോടി കടന്നേക്കും.
ഒരോ വർഷവും ഇത്രയധികം പണം വൈദ്യുതിക്കായി പുറത്തേക്ക് പോകുമ്പോൾ ഭാരം ഉപഭോക്താക്കളിലെക്ക് എത്തുകയാണ്. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയ അധികബാധ്യത ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഒടുവിൽ നൽകിയ നിരക്ക് വർധന അപേക്ഷയിൽ വൈകാതെ റെഗുലേറ്ററി കമീഷൻ തീരുമാനമെടുക്കും.
ജലവൈദ്യുത പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം, സൗരോർജമടക്കം വിവിധ സ്രോതസ്സുകൾ പ്രയോജനപ്പെടുത്തുന്നതിലെ മെല്ലെപ്പോക്ക് എന്നിവയെല്ലാം വൈദ്യുതി സ്വയംപര്യാപ്തതക്ക് തിരിച്ചടിയായി. സൗരോർജം രാത്രിയിലേക്ക് ശേഖരിച്ചുവെക്കുന്ന ‘ബാറ്ററി സ്റ്റോറേജ്’ (ബെസ്) പദ്ധതി, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ (പി.എസ്.പി) തുടങ്ങിയവ സമീപഭാവിയിൽ ആഭ്യന്തര ഉൽപാദനം ഉയർത്താൻ സഹായകമാവുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.