തിരുവനന്തപുരം: സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ബി. സന്ദീപിന്‍റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
'പത്തനംതിട്ട ജില്ലയിലെ തിരുവല്ലക്കടുത്ത് സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ബി. സന്ദീപിന്‍റെ കൊലപാതകം ഹീനവും അപലപനീയവുമാണ്. കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
നിഷ്ഠുരമായ കൊലപാതകത്തിന്‍റെ കാരണങ്ങളും അന്വേഷിച്ച് പുറത്തുകൊണ്ടുവരും. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടത്.
പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്. സന്ദീപിന്‍റെ വേർപാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുന്നു' -മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സന്ദീപ് കൊല്ലപ്പെടുന്നത്. സംഭവത്തിൽ മുഴുവൻ പ്രതികളും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ജിഷ്ണു, പ്രമോദ്, നന്ദു, മുഹമ്മദ് ഫൈസൽ, അഭി എന്നിവരാണ് പിടിയിലായത്. ഇവരിൽ ഒരാൾക്കാണ് ആർ.എസ്.എസ് ബന്ധമുള്ളതെന്ന് പൊലീസ് പറയുന്നു.
സന്ദീപിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ തിരുവല്ല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സി.പി.എം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി എട്ട്ന് നെടുമ്പ്രം ഭാഗത്തുനിന്നു വീട്ടിലേക്ക് ബൈക്കിൽ പോകുന്ന വഴിയാണ് സന്ദീപ് കുമാറിനെ (33) ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സന്ദീപിനെ സമീപത്തെ വെള്ളക്കെട്ടിലേക്ക് ചവിട്ടി വീഴ്ത്തിയ ശേഷം വടിവാൾ കൊണ്ടു വെട്ടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. 11 കുത്തായിരുന്നു ശരീരത്തിലേറ്റിരുന്നത്. ഗുരുതര പരിക്കേറ്റ സന്ദീപിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മദ്യപിച്ചെത്തിയ പ്രതികള്‍ സിഗരറ്റ് വാങ്ങിയ കടക്കാരനുമായി വാക്കേറ്റമുണ്ടാക്കിയിരുന്നു. ഈ സമയം അതുവഴി വന്ന സന്ദീപ് തര്‍ക്കം പറഞ്ഞുതീര്‍ക്കാന്‍ ശ്രമിച്ചു. അതിനുശേഷം പോകുന്നവഴി ബൈക്കില്‍ പിന്തുടര്‍ന്ന് കുത്തി വീഴ്ത്തുകയായിരുെന്നന്നാണ് പറയുന്നത്.
അതേസമയം, ആർ.എസ്.എസ് ആണ് കൊലപാതകത്തിനു പിന്നിലെന്ന് സി.പി.എം ആരോപിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.