കോഴിക്കോട്: ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഹൈകോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികള് കോടതിയിൽ കീഴടങ്ങി. കേസിലെ പത്താം പ്രതിയും സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി മുൻ അംഗവും വടകര ബ്ലോക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ.കെ. കൃഷ്ണൻ, 12ാം പ്രതിയും സി.പി.എം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ ജ്യോതി ബാബു എന്നിവരാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജ് എസ്.ആർ. ശ്യാംലാൽ മുമ്പാകെ ഹാജരായത്.
കോടതി റിമാൻഡ് ചെയ്ത പ്രതികളെ ബീച്ച് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയരാക്കി. ആരോഗ്യ പ്രശ്നങ്ങളുള്ള ജ്യോതി ബാബുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണനെ ജില്ല ജയിലിലേക്കും മാറ്റി. സി.പി.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി. ബിനീഷ് അടക്കമുള്ള നേതാക്കളും പ്രതികൾക്കൊപ്പം കോടതിയിലെത്തിയിരുന്നു.
വൃക്കകൾ തകരാറിലായതിനെതുടർന്ന് തലശ്ശേരിയിലെ ആശുപത്രിയിൽ ഡയാലിസിസിന് വിധേയനാവുന്ന ജ്യോതി ബാബു ആംബുലൻസിലാണ് കോടതിയിൽ എത്തിയത്. സ്ട്രെച്ചറിലാണ് ഇദ്ദേഹത്തെ കോടതി മുറിക്കുള്ളിലേക്ക് എത്തിച്ചത്. ജ്യോതി ബാബുവിന്റെ ഡയാലിസിസ് വിവരവും കെ.കെ. കൃഷ്ണൻ ബൈപ്പാസ് സർജറി കഴിഞ്ഞ് തുടർ ചികിത്സയിലാണെന്ന വിവരവും അഭിഭാഷകർ കോടതിയെ അറിയിച്ചു. ചികിത്സരേഖകളും കൈമാറി. ഇതോടെ ഇരുവർക്കും ആവശ്യമെങ്കിൽ ചികിത്സ ഉറപ്പാക്കാൻ കോടതി നിർദേശിച്ചു.
കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ നൽകിയ അപ്പീലും പ്രോസിക്യൂഷൻ അപ്പീലും കെ.കെ. രമ എം.എൽ.എ നൽകിയ അപ്പീലും പരിഗണിച്ചാണ് ഹൈകോടതി രണ്ടുപേർ കൂടി കുറ്റക്കാരെന്ന് വിധിച്ചത്. മാത്രമല്ല ഇവർക്കായി വാറണ്ട് പുറപ്പെടുവിക്കാനും നിർദേശിച്ചു. പിന്നാലെയാണ് കെ.കെ. കൃഷ്ണനും ജ്യോതി ബാബുവും വിചാരണ കോടതിയിൽ കീഴടങ്ങിയത്. ഹൈകോടതി നിർദേശിച്ച പ്രകാരം ഫെബ്രുവരി 26ന് രാവിലെ 10.15ന് ഇരുവരെയും ഹൈകോടതിയിൽ ഹാജരാക്കും. മറ്റു പ്രതികളെയും ഹാജരാക്കാൻ ഹൈകോടതി നിർദേശിച്ചിട്ടുണ്ട്. കെ.കെ. കൃഷ്ണൻ അഡ്വ. കെ.എം. രാംദാസ് മുഖേനയും ജ്യോതി ബാബു അഡ്വ. കെ. വിശ്വൻ മുഖേനയുമാണ് കോടതിയിൽ ഹാജരായത്.
രണ്ടുപേരുടെ ശിക്ഷ ശരിവെച്ച് വ്യക്തതവരുത്തി ഹൈകോടതി
കൊച്ചി: ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ അപ്പീൽ തീർപ്പാക്കിയ ഉത്തരവിൽ പ്രത്യേകം പരാമർശിക്കാതിരുന്ന രണ്ട് പ്രതികളുടെ ശിക്ഷ കൂടി ശരിവെച്ച് ഹൈകോടതി വ്യക്തത വരുത്തി. 18ാം പ്രതി പി.വി. റഫീഖ്, 31ാം പ്രതി ലംബു പ്രദീപ് എന്നിവർക്ക് വിചാരണ കോടതി വിധിച്ച ശിക്ഷയാണ് അതേപടി ശരിവെച്ചത്.
വിചാരണ കോടതി ശിക്ഷിച്ച എല്ലാ പ്രതികളുടെയും ശിക്ഷ ഹൈകോടതി ശരിവെക്കുകയും രണ്ടുപേർകൂടി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തെങ്കിലും റഫീഖിന്റെയും പ്രദീപിന്റെയും ശിക്ഷ പ്രത്യേകം പരാമർശിച്ചിരുന്നില്ല. തുടർന്ന് ബുധനാഴ്ച അപ്പീലുകൾ വീണ്ടും പരിഗണിച്ച് ശിക്ഷ ശരിവെക്കുന്നതായി ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.റഫീഖിന് ജീവപര്യന്തം കഠിനതടവും പിഴയും ലംബു പ്രദീപിന് മൂന്നുവർഷത്തെ തടവുമാണ് വിചാരണ കോടതി വിധിച്ചത്. ശിക്ഷ വർധിപ്പിക്കണമെന്ന ആവശ്യത്തിൽ പ്രതികളുടെ നിലപാടറിയാൻ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മറ്റ് പ്രതികൾക്കൊപ്പം ഫെബ്രുവരി 26ന് റഫീഖിനെയും ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.