തിരുവനന്തപുരം: നഷ്ടപ്പെട്ട ജനവിശ്വാസമാർജിക്കാൻ തൊലിപ്പുറത്തുള്ള ചികിത്സക്ക് പകരം ആഴത്തിലുള്ള പരിഹാരക്രിയ അനിവാര്യമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയോഗത്തിൽ പ്രതിനിധികൾ. ഭരണത്തുടർച്ചക്കു ശേഷം സർക്കാർ ജനങ്ങളിൽനിന്നകന്നു. ഒരു ഭാഗത്ത് സേവനങ്ങൾക്കുള്ള നിരക്കുയരുകയും ജീവിതച്ചെലവ് വർധിക്കുകയും ചെയ്തപ്പോൾ മറുഭാഗത്ത് ക്ഷേമപ്രവർത്തനങ്ങൾ മുടങ്ങി. ഇത് അടിസ്ഥാന വിഭാഗങ്ങളിൽ കടുത്ത അതൃപ്തിയുണ്ടാക്കി. സി.പി.എമ്മിന്റെ ഉറച്ച വോട്ടുബാങ്കുകളായ ഈ വിഭാഗവും പാർട്ടിയിൽനിന്ന് അകന്നത് വളരെ പ്രതീക്ഷ വെച്ച മണ്ഡലങ്ങളിൽ പോലും ജനവിധിയെ ബാധിച്ചു. ചില നേതാക്കളുടെ ശൈലിയും വാക്കുകളും പ്രയോഗങ്ങളും വരെ ജനങ്ങളിൽ പാർട്ടിക്കെതിരെ എതിർവികാരമുണ്ടാക്കാൻ ഇടയാക്കി.
തുടർഭരണത്തിനു ശേഷം ജനകീയ വിഷയങ്ങളിലടക്കം സ്വീകരിച്ച സമീപനങ്ങൾ ഇത്തരത്തിൽ ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റാൻ ഇടയാക്കി. സിൽവർലൈൻ സമര ഘട്ടത്തിലടക്കമുണ്ടായ പരാമർശങ്ങളും ജനത്തെ എതിരാക്കി. പൂക്കോട് സർവകലാശാലയിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചെറുപ്പക്കാരിലും അമ്മമാരിലുമടക്കം പാർട്ടിക്കെതിരെ വികാരമുണ്ടാകാൻ ഇടയാക്കി. യു.ഡി.എഫും ബി.ജെ.പിയും വിഷയം പ്രചാരണായുധമാക്കിയപ്പോഴൊക്കെ പ്രതിരോധിക്കാനും കഴിയാത്ത സ്ഥിതിയുണ്ടായി. കാമ്പസുകളിലെ ഇടതു വിദ്യാർഥി സംഘടന പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന വിലയിരുത്തലും പൊതുവിലുയർന്നു. സാമ്പത്തിക പ്രതിസന്ധി സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങളെ വലിയ തോതിൽ ബാധിച്ചെങ്കിലും ഇതു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലും കേന്ദ്രസർക്കാറിനെതിരെ പൊതുവികാരം സൃഷ്ടിക്കുന്നതിലും പരാജയപ്പെട്ടു.
വിവിധ സാമുദായിക വിഭാഗങ്ങളുടെ പരമ്പരാഗതമായുള്ള വോട്ടിങ് പാറ്റേണിൽ വലിയ മാറ്റങ്ങളുണ്ടായി. രണ്ടു പക്ഷത്തുമായി നിലയുറപ്പിച്ചിരുന്ന സമുദായ വോട്ടുകൾ മൂന്നാമതൊരു ഓപ്ഷനിലേക്ക് ക്രമമായി മാറുന്നുണ്ട്. പിന്നാക്ക വിഭാഗങ്ങളിലെ നേതാക്കാൾ ദേശീയ തലത്തിൽ ബി.ജെ.പി ചേരിയിലുണ്ടായതിലന്റെ പ്രതിഫലനങ്ങൾ നേരിയ തോതിൽ കേരളത്തിലെ പിന്നാക്ക വോട്ടിലും പ്രതിഫലിക്കുന്നുണ്ട്. ഇതിനു പുറമേ, ഈഴവ വോട്ടുകളിൽനിന്ന് ബി.ജെ.പിയിലേക്കുള്ള ചോർച്ചയും ഗൗരവത്തോടെ കാണണമെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച് സംഘടന റിപ്പോർട്ടിലും അടിവരയിടുന്നു.
ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ വോട്ടുചോർച്ചയാണ് പ്രധാനമായും റിപ്പോർട്ടിൽ അടിവരയിടുന്നത്. സർക്കാറും പാർട്ടിയും യോജിച്ച് പ്രവർത്തിക്കുകയും കൃത്യമായി തിരുത്തൽ നടപടി പിന്തുടരുകയും ചെയ്താൽ 2021ലേതിന് സമാനം നിലവിലെ തിരിച്ചടിയെ മറികടക്കാനാകുമെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. പരാജയം വിലയിരുത്തുന്നതിന് രണ്ടു ദിവസം നീണ്ട സെക്രട്ടേറിയറ്റും മൂന്നു ദിവസം നീളുന്ന സംസ്ഥാന കമ്മിറ്റിയുമടക്കം അഞ്ചു ദിവസങ്ങളിലായി നിശ്ചയിച്ച നേതൃയോഗങ്ങൾ വ്യാഴാഴ്ച അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.